
തിരുവനന്തപുരം:പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാരിന് ആവില്ലെന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു എന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വന്യജീവി ശല്യത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ഉത്തരവാദിത്തം വനംവകുപ്പിനാണ്. ആ ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നതിനു പകരം വളരെ നികൃഷ്ടവും ജുഗുപ്‌സാവഹവുമായ വാചകങ്ങള്‍ ഉപയോഗിച്ച് സംഭവത്തെ ന്യായീകരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും വനംമന്ത്രി ശ്രമിക്കുന്നതു കണ്ടപ്പോള്‍ ലജ്ജയും അപമാനവുമാണ് തോന്നിയത്. തന്റെ വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുഞ്ഞു നഷ്ടപ്പെട്ട കുടുംബത്തോട് മാപ്പ് പറയണം. ഏത് അനധികൃത വൈദ്യുത കെണികള്‍ക്കും സഹായമൊരുക്കി മനുഷ്യരെ കൊല്ലുന്നതിനു കൂട്ടുനില്‍ക്കുന്ന കെ.എസ്ഇബി അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
ഇത് വെറുമൊരു അപകടമരണമല്ല. സര്‍ക്കാര്‍ വക കൊലപാതകം തന്നെയാണ്. കേരളത്തിന്റെ മലയോര മേഖലയില്‍ ജനവാസം സാധ്യമല്ലാതായിട്ട് കാലങ്ങളായി. ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മലപ്പുറത്തെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ കായികമായി മര്‍ദ്ദിച്ചൊതുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത്തരം ഒരു വിരട്ടലും വിലപ്പോവില്ല. ഈ വിഷയത്തില്‍ യുഡിഎഫ് ശക്തമായി തന്നെ ഇടപെടും. കാലങ്ങളായി വന്യജീവി ആക്രമണവിഷയത്തില്‍ യുഡിഎഫ് ശക്തമായി ഇടപെടുന്നുണ്ട്. സര്‍ക്കാരിനെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന് അനുവദിക്കില്ല. ഈ മരണത്തിന് സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരു.
വനം മന്ത്രിയും വൈദ്യുത മന്ത്രിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഒരു ഏകോപനവുമില്ലെന്നും ഒരുത്തരവാദിതത്വുമില്ലെന്നും ഇത് വ്യക്തമാക്കുന്നു. ഇതൊരു തെരഞ്ഞെടുപ്പ് വിഷയം മാത്രമായി ചുരുക്കാനുള്ള അപമാനാര്‍ഹമായ ശ്രമമാണ് എല്‍ഡിഎഫില്‍ നിന്നുണ്ടാകുന്നത്. ഇത് മലയോരവാസികളുടെ നീറുന്ന പ്രശ്‌നമാണ്. ജീവന്റെ പ്രശ്‌നമാണ്. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം - ചെന്നിത്തല വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam