
കൊല്ലം: ഇഡിക്കെതിരെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസുമായി മുന്നോട്ട് പോയതെന്ന് പരാതിക്കാരനായ അനീഷ് ബാബു. ഇഡി കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇപ്പോൾ നടക്കുന്നത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഫൈറ്റ് എന്നാണ് ദില്ലിയിലെ ഇഡി ഉദ്യോഗസ്ഥൻ പറഞ്ഞതെന്നും അനീഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ ശേഖറിന് ബന്ധമില്ലെന്ന് വരുത്തി തീർക്കാൻ ഇഡി ശ്രമിച്ചു.
മുൻവിധിയോടെയാണ് ഇഡി മൊഴിയെടുത്തത്. ഇടനിലക്കാരനായ വിൽസണുമായിട്ടാണ് താൻ ബന്ധപ്പെട്ടത്. വിൽസണിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ വിജിലൻസ് നടപടി സ്വീകരിച്ചത്തനിക്കെതിരായ പഴയ കള്ളപ്പണ ഇടപാട് കേസും വ്യാജമാണ്. ഇഡിക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും അനീഷ് ബാബു വ്യക്തമാക്കി.
അതേസമയം, ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ പരാതിക്കാരനായ അനീഷ് ബാബുവിന്‍റെ ആരോപണങ്ങൾ ഉന്നതവൃത്തങ്ങള്‍ തള്ളിയിരുന്നു. അനീഷിനെ നിയന്ത്രിക്കുന്നത് സംസ്ഥാന വിജിലൻസ് ആണെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു. കൈക്കൂലി ഇടപാടിൽ ഇഡി ഉദ്യോഗസ്ഥന് പങ്കുണ്ട് എന്നതിന് ഒരു തെളിവും നൽകിയിട്ടില്ല. ഇഡി എടുത്ത കള്ളപ്പണക്കേസിൽ നിന്ന് രക്ഷപ്പെടാനാണ് നീക്കം. മാധ്യമങ്ങളെ ഉപയോഗിച്ച് ഇഡിയെ കരിവാരിത്തേക്കാൻ ശ്രമമെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി.
അനീഷ് മൊഴി നൽകിയത് ഇടനിലക്കാരൻ വിൽസണെതിരെ മാത്രമാണ്. നൂറിലധികം വാട്സ് ആപ്പ് കോളുകള്‍ വിൽസണുമായി നടത്തി. ഇതിനുള്ള തെളിവുകള്‍ ഒന്നും അനീഷ് നൽകിയിട്ടില്ല. ചോദ്യം ചെയ്യലിന്‍റെ വീഡിയോ റെക്കോർഡിങ് അടക്കം സൂക്ഷിച്ചിട്ടുണ്ട് എന്നും ഉന്നത ഉന്നത വൃത്തങ്ങൾ അറിയിച്ചു. ശേഖർകുമാർ യാദവിനെ അനുകൂലിച്ച് മൊഴി നൽകാൻ സമ്മർദമുണ്ടായി എന്ന് അനീഷ് ബാബു ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam