
ദില്ലി: സ്വര്‍ണക്കടത്ത് കേസില്‍ താൻ പറഞ്ഞതെല്ലാം ശരിയായെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ ചെന്നിത്തല. മുഖ്യമന്ത്രിയും ഓഫീസും അറിഞ്ഞുകൊണ്ട് തന്നെയാണ് സ്വർണ്ണക്കടത്ത് നടന്നത് എന്ന് തെളിയുന്നു. അന്ന് കേന്ദ്ര ഏജൻസികൾ മര്യാദക്ക് അന്വേഷിച്ചിരുന്നു എങ്കിൽ സത്യം നേരത്തെ പുറത്ത് വരുമായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
സ്വർണ്ണ കടത്ത് കേസിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിരിയാണി ചെമ്പ് കൊണ്ട് മൂടി വച്ചാലും സത്യം പുറത്തു വരും. തെരഞ്ഞെടുക്കപെട്ടത് കൊണ്ട് സത്യം സത്യമല്ലാതാകുന്നില്ല. സർവീസിൽ തിരിച്ചെടുത്തത് കൊണ്ട് സത്യം ഇല്ലാതാകുന്നില്ല. സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷണ ഏജൻസികൾ ഗൗരവത്തോടെ കാണണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ഗുരുതര ആരോപണമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് നടത്തിയത്. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും എതിരെ സ്വപ്ന സുരേഷ് ഉന്നയിക്കുന്നത്. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.
''എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സി എം രവീന്ദ്രൻ, നളിനി നെറ്റോ ഐഎഎസ്, അന്നത്തെ മന്ത്രി കെ ടി ജലീൽ - കേസിൽ ഇങ്ങനെയുള്ള എല്ലാവരുടെയും എന്താണോ ഇൻവോൾവ്മെന്‍റ്, ഇത് എന്‍റെ രഹസ്യമൊഴിയിൽ വിശദമായി പറഞ്ഞിട്ടുണ്ട്'', എന്ന് സ്വപ്ന സുരേഷ് പറയുന്നു. തനിക്ക് വധഭീഷണിയുണ്ട് എന്നും സ്വപ്ന സുരേഷ് പറഞ്ഞു.
Read More: 'മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ കറൻസി കടത്തി', സ്വപ്നയുടെ ഗുരുതര വെളിപ്പെടുത്തൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam