ആഴക്കടൽ മത്സ്യ ബന്ധനം: രണ്ട് നിർണായക രേഖകൾ കൂടി പുറത്ത് വിട്ട് ചെന്നിത്തല, മുഖ്യമന്ത്രിക്കെതിരെയും ആരോപണം

Published : Feb 21, 2021, 10:01 AM ISTUpdated : Feb 21, 2021, 02:15 PM IST
ആഴക്കടൽ മത്സ്യ ബന്ധനം: രണ്ട് നിർണായക രേഖകൾ കൂടി പുറത്ത് വിട്ട്  ചെന്നിത്തല, മുഖ്യമന്ത്രിക്കെതിരെയും ആരോപണം

Synopsis

ഫിഷറീസ് നയത്തിന് വിരുദ്ധമാണെങ്കിൽ എന്തിന് അസന്റിൽ വച്ച് ഒപ്പുവെച്ചെന്ന് ചോദിച്ച ചെന്നിത്തല സർക്കാരിന് ദുരുദ്ദേശമില്ലെങ്കിൽ ധാരണാ പത്രം റദ്ദാക്കുമോയെന്നും വെല്ലുവിളിച്ചു.   

തിരുവനന്തപുരം: ആഴക്കടൽ മത്സ്യ ബന്ധന ആരോപണത്തിൽ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് നിർണായകമായ രണ്ട് രേഖകൾ കൂടി ചെന്നിത്തല പുറത്ത് വിട്ടു. ഇഎംസിസി അസൻറിൽ വച്ച് ഒപ്പുവച്ച ധാരണാ പത്രവും 4 ഏക്കർ സ്ഥലം അനുവദിച്ച് നൽകിയതിന്റെ രേഖയുമാണ് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ടത്. 

സർക്കാർ പലതും മുടി വയ്ക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. 3 വർഷത്തെ ചർച്ചക്ക് ശേഷമാണ് ഒപ്പ് വച്ചത്. കമ്പനി അധികൃതർ മുഖ്യമന്ത്രിയെ അടക്കം കണ്ടു ചർച്ച നടത്തി. ഫിഷറീസ് നയത്തിന് വിരുദ്ധമാണെങ്കിൽ എന്തിന് അസന്റിൽ വെച്ച് ധാരണാ പത്രം  ഒപ്പുവെച്ചെന്ന് ചോദിച്ച ചെന്നിത്തല സർക്കാരിന് ദുരുദ്ദേശമില്ലെങ്കിൽ ധാരണാ പത്രം റദ്ദാക്കുമോയെന്നും വെല്ലുവിളിച്ചു. 

ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ട കെഎസ്ഐസിഎൻഎൽ എംഡി പ്രശാന്തിനെ ചൊല്ലിയുളള മുഖ്യമന്ത്രിയുടെ ഒളിയമ്പിന് ചെന്നിത്തല മറുപടി നൽകി. ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പ്രശാന്ത് എന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. പ്രശാന്തിന് ഉത്തരവാദിത്വമുണ്ടെങ്കിൽ അദ്ദേഹം അനുഭവിക്കും. ഞാൻ പ്രശാന്തുമായോ ഇഎംസിസി പ്രതിനിധികളുമായോ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 

ആരോപണങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് പരസ്പര വിരുദ്ധ മറുപടികളാണ്. ഇത് ദുരൂഹമാണ്. താൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ല. ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചോടുകയാണ്. അമേരിക്കയിൽ വച്ച് മന്ത്രി മേഴ്സിക്കുട്ടി  ഇഎംസി സിയുമായി ചർച്ച നടത്തിയെന്ന ആരോപണത്തിൽ താൻ ഉറച്ച് നിൽക്കുകയാണ്. ആദ്യം ആരെയും കണ്ടില്ലെന്ന് പറഞ്ഞ മന്ത്രിക്ക് താൻ ഫോട്ടോ പുറത്ത് വിട്ടതോടെ സമ്മതിക്കേണ്ടി വന്നു. ന്യു യോർക്കിലും കേരളത്തിലും വച്ച് ചർച്ച നടത്തിയിട്ടുണ്ട്. പദ്ധതി നടക്കില്ലെങ്കിൽ എന്തിന് പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലം അനുവദിച്ചുവെന്ന് വ്യക്തമാക്കണം. കള്ളം കയ്യോടെ പിടിച്ചപ്പോൾ ജയരാജന് സമനില തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു. 

വിദേശകമ്പനിയുമായി ഒരുകരാറും ഒപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുമ്പോഴാണ് പിആർഡിയുടെ ഒരു പരസ്യം പുറത്ത് വരുന്നത്. ബോട്ട് നിർമ്മിക്കുന്നതിന് വിദേശകമ്പനിയുമായി ധാരണയായെന്ന സർക്കാർ പരസ്യം ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതിരോധം പ്രതിപക്ഷനേതാവ് പൊളിച്ചത്. പരസ്യം മാത്രമല്ല കെഎസ്ഐഡി സിയുമായി ഇഎംസിസി ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണപത്രവും ചേർത്തല പള്ളിപ്പുറത്ത് നാല് ഏക്കർ സ്ഥലം അനുവദിച്ചുള്ള ഉത്തരവും ചെന്നിത്തല പുറത്ത് വിട്ടതോടെ മുഖ്യമന്ത്രി വീണ്ടും പ്രതിരോധത്തിലായി. 

PREV
click me!

Recommended Stories

കശുവണ്ടി വികസന കോർപറേഷൻ അഴിമതി: മറുപടി നൽകാൻ ഈ മാസം 17 വരെ സമയം വേണമെന്ന് സർക്കാർ
കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ