മാധ്യമപ്രവർത്തകന്റെ മരണം: ബഷീറിന്റെ കുടുംബത്തിന്റെ സം​രക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് ചെന്നിത്തല

By Web TeamFirst Published Aug 3, 2019, 12:36 PM IST
Highlights

അടുത്ത കാലത്തുണ്ടായ നിരവധി സംഭവങ്ങളില്‍ പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നു. പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവകരമാണ്. ഇതിലെ വസ്തുതകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: വാഹാനാപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ​ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകണമെന്നും സംഭവത്തിൽ പൊലീസിന്റെ വീഴ്ചയെ സംബന്ധിച്ച് സമ​ഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കുറ്റക്കാർ ആരായാലും അവർക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. അടുത്ത കാലത്തുണ്ടായ നിരവധി സംഭവങ്ങളില്‍ പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നു. പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഗൗരവകരമാണ്. ഇതിലെ വസ്തുതകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read More: 'മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ്': മന്ത്രി മണി

അതേസമയം, ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തില്‍ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍  പ്രതിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം പൊലീസിന് നല്‍കിയിരുന്ന മൊഴി. പിന്നാലെ ആരേയും പ്രതി ചേര്‍ക്കാതെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചേര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

ശ്രീറാമിന്‍റെ മൊഴി ഡിസിപി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്‍റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുവച്ച് ശ്രീറാം ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാര്‍ ഇടിക്കുകയായിരുന്നു. 
 

click me!