'വർഗീയ ശക്തികള്‍ക്ക് വാളെടുത്ത് കൊടുത്തിട്ട് 'ചാമ്പിക്കോ' പറയുന്നു'; തൃക്കാക്കര താക്കീതാകണമെന്ന് ചെന്നിത്തല

Published : May 07, 2022, 03:24 PM IST
'വർഗീയ ശക്തികള്‍ക്ക് വാളെടുത്ത് കൊടുത്തിട്ട് 'ചാമ്പിക്കോ' പറയുന്നു'; തൃക്കാക്കര താക്കീതാകണമെന്ന് ചെന്നിത്തല

Synopsis

'വർഗീയ ശക്തികളുടെ കൈയിൽ വാളെടുത്തുകൊടുത്തിട്ട് മാറിനിന്ന് പരസ്പരം 'ചാമ്പിക്കോ' എന്ന് പറയുന്ന രാഷ്ട്രീയ മുതലെടുപ്പിനുള്ള താക്കീതാകണം തൃക്കാക്കര.'

തിരുവനന്തപുരം: വോട്ട് നൽകി ജയിപ്പിച്ച ജനങ്ങളെ പുശ്ചത്തോടെ കണ്ട് ധാർഷ്ഠ്യത്തോടെ സ്വന്തം താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള താക്കീതാകണം തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  വർഗീയ ശക്തികളുടെ കൈയിൽ വാളെടുത്തുകൊടുത്തിട്ട് മാറിനിന്ന് പരസ്പരം 'ചാമ്പിക്കോ' എന്ന് പറയുന്ന രാഷ്ട്രീയ മുതലെടുപ്പിനുള്ള താക്കീതാകണം തൃക്കാക്കര. തെറ്റുകൾ ചൂണ്ടിക്കാണിക്കപെടുമ്പോൾ എതിരഭിപ്രായം പറയുന്ന രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്ന സിപിഎമ്മിന്റെ കഠാര രാഷ്ട്രീയത്തിനെതിരെയുള്ള താക്കീതാകണം തൃക്കാക്കരയെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

താക്കീതാകണം തൃക്കാക്കര... വോട്ട് നൽകി ജയിപ്പിച്ച ജനങ്ങളെ പുശ്ചത്തോടെ കണ്ട് ധാർഷ്ഠ്യത്തോടെ സ്വന്തം താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പിണറായി വിജയന്റെ അഹങ്കാരത്തിനുള്ള താക്കീതാകണം തൃക്കാക്കര. മഹാ ദുരന്തമായി മാറുമെന്ന് വിദഗ്ദ്ധരും ശാസ്ത്രജ്ഞരും സി പി എമ്മിന്റെ സ്വന്തം ശാസ്ത്ര സാഹിത്യ പരിഷിത്തും ഒരുപോലെ അഭിപ്രായപെട്ടിട്ടും ധിക്കാരപൂർവം പാവപ്പെട്ടവന്റെ അടുക്കളയിലും, അടുപ്പിലും അതിക്രമിച്ചു കയറി പിണറായിക്കുള്ള കെ-റെയിലിന്റെ കമ്മീഷൻ കല്ലുകൾ നാട്ടുന്ന സി പി എമ്മിന്റെ അഹന്തയ്‍ക്കുള്ള താക്കീതാകണം തൃക്കാക്കര. വർഗ്ഗീയ ശക്തികളുടെ കൈയിൽ വാളെടുത്തുകൊടുത്തിട്ട് മാറിനിന്ന് പരസ്പരം 'ചാമ്പിക്കോ' എന്ന് പറയുന്ന രാഷ്ട്രീയ മുതലെടുപ്പിനുള്ള താക്കീതാകണം തൃക്കാക്കര. തെറ്റുകൾ ചൂണ്ടിക്കാണിക്കപെടുമ്പോൾ എതിരഭിപ്രായം പറയുന്ന രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുന്ന സി പി എമ്മിന്റെ കഠാര രാഷ്ട്രീയത്തിനെതിരെയുള്ള താക്കീതാകണം തൃക്കാക്കര. വിയർപ്പൊഴുക്കുന്നവന്റെ വിഷമതകൾക്കുമേലെ വികസനത്തിന്റെ പേരുപറഞ്ഞും കേരളത്തിന്റെ അടിവേരുതോണ്ടി കുംഭകോണ കച്ചവടം സ്വപനം കാണുന്ന പിണറായി സർക്കാരിനുള്ള താക്കീതാകണം തൃക്കാക്കര. അധികാരത്തിന്റെ തിമർപ്പിൽ വിവേകത്തിന്റെ ഭാഷ നഷ്ടപെടുന്ന കമ്മ്യൂണിസ്റ്റ് ഭരണകർത്താക്കൾക്കുള്ള താക്കീതാകണം തൃക്കാക്കര കേരളത്തിലെ എല്ലാ ജനങ്ങൾക്കും വേണ്ടി പിണറായി വിജയന്റെ ജനനിന്ദയ്‌ക്ക് താക്കീത് നൽകാൻ തൃക്കാക്കരയ്‌ക്ക്‌ ലഭിച്ച അവസരമാണ് ഈ ഉപതിരഞ്ഞെടുപ്പ് പ്രിയപ്പെട്ട പി ടി തുടങ്ങിവച്ച തൃക്കാക്കരയുടെ വികസന പദ്ധതികളുടെ പൂർത്തീകരണത്തിന് പി ടി യുടെ പ്രിയതമ, ഉമ തോമസ്, നിങ്ങളുടെ സമ്മതിദാനം തേടുമ്പോൾ ഉമയ്ക്ക് നിങ്ങൾ നൽകുന്ന ഓരോ വിലയേറിയ വോട്ടും കേരളത്തിലെ മുഴുവൻ ജങ്ങൾക്കും വേണ്ടി പിണറായി വിജയനുള്ള തൃക്കാക്കരയുടെ താക്കീതാകണം ഒരു സംശയവും വേണ്ട പിണറായി വിജയനുള്ള ശക്തമായ താക്കീത് തന്നെയാകും തൃക്കാക്കര.

ഇടത് സ്ഥാനാ‍‍ർത്ഥിയുടെ സഭാ ബന്ധം: തൃക്കാക്കരയിലെ പ്രചരണ തന്ത്രത്തിൽ കോൺഗ്രസിൽ ഭിന്നത

 

കൊച്ചി: തൃക്കാക്കരയിൽ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിൻറെ സഭാ ബന്ധം ഉന്നമിട്ടുള്ള കോൺഗ്രസ് പ്രചാരണതന്ത്രത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നത. സഭയെ സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് വലിച്ചിഴക്കരുതെന്നും രാഷ്ട്രീയപ്പോരാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സഭാ ബന്ധം പറഞ്ഞാൽ തിരിച്ചടിക്കുമെന്ന് ഡോമിനിക് പ്രസൻേഷൻ വിമർശിച്ചു.  സിപിഎമ്മിൻറെ പേരിൽ  കോൺഗ്രസ്  സഭയെ അവഹേളിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞുള്ള മറുതന്ത്രം പയറ്റുകയാണ് സിപിഎം

ജോ സമുദായനോമിനിയെന്ന് പറയാതെ പറഞ്ഞാണ് സിപിഎമ്മിനെ ഇന്നലെ മുതൽ കോൺഗ്രസ് സമ്മർദ്ദത്തിലാക്കിയത്. ബാഹ്യസമ്മർദ്ദം വഴി വന്ന സ്ഥാനാർത്ഥിയിലൂടെ സിപിഎം രാഷ്ട്രീയപ്പോര് ഉപേക്ഷിച്ചെന്ന് പറഞ്ഞ് പ്രചാരണം തുടങ്ങിവെച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനും. കർദ്ദിനാളിൻറെ സ്ഥാനാർത്ഥിയാണെന്നും ജോ യെ അംഗീകരിക്കില്ലെന്നും  കർദ്ദിനാൾ വിരുദ്ധരും നിലപാടെടുത്തു. സഭാ നോമിനി വിവാദം മുറുകുന്നതിൽ കോൺഗ്രസ് ക്യാമ്പ് സന്തോഷിക്കുമ്പോഴാണ് പാളയത്തിൽ തന്നെ തന്ത്രത്തിനെതിരായ വിമർശനം

സമുദായം പ്രധാനഘടകമെന്ന് പറഞ്ഞ് തുടക്കം തന്നെ ഉമക്കെതിരായ എതിർപ്പ് പരസ്യമാക്കി പിന്നെ നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച കോൺ​ഗ്രസ് നേതാവ് ഡൊമിനിക് പ്രസൻേറഷൻ  സഭയെ തൊടേണ്ടെന്ന് ഇന്ന് വ്യക്തമായി പറ‍ഞ്ഞു. 

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാ‍ർത്ഥിയു‌ടെ സഭാ ബന്ധം ച‍ർച്ചയാക്കുന്നത് തിരിച്ചടിയാവും. ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് സഭയെ വലിച്ചഴിക്കേണ്ട കാര്യമില്ല. അത്തരം പ്രചരണം  നെഗറ്റീവാകാനാണ് സാധ്യത, തൃക്കാക്കരയിൽ രാഷ്ട്രീയ പ്രചാരണമാണ് നടത്തേണ്ടത്. ജോ ജോസഫ് തങ്ങളുടെ സഭയുടെ സ്ഥാനാർത്ഥിയല്ലെന്ന സിപിഎം വിശദീകരണം വിശ്വസിക്കാം - ഡൊമിനിക് പ്രസൻ്റേഷൻ

സഭാനേതൃത്വത്തെ വിമർശിച്ചിട്ടില്ലെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ എൽഡിഎഫിലുണ്ടായ ആശയക്കുഴപ്പം മുതലാക്കാനാണ് ശ്രമിച്ചതെന്നുമാണ് കെപിസിസി നേതൃത്വത്തിനറെ വിശദീകരണം. സഭാ നോമിനി വിവാദത്തിൽ സമ്മർദ്ദത്തിലായിരുന്ന സിപിഎം എതിർ ക്യാമ്പിലെ തർക്കം മുതലെടുത്ത് കോോൺഗ്രസ് സഭക്കെതിരാണെന്നുള്ള മറുതന്ത്രം എടുത്തിട്ടു

തൃക്കാക്കരയിൽ ഇടത് സ്ഥാനാർഥിക്ക് വലിയ സ്വീകാര്യത കിട്ടിയിട്ടുണ്ട്. പ്രതിപക്ഷത്തിൻ്രെ പ്രതികരണം കാണുമ്പോൾ അക്കാര്യം വളരെ വ്യക്തമാണ് - പി.രാജീവ്

വിശ്വാസികളുടെ വോട്ട് നിർണ്ണായകമായിരിക്കെ സഭാ ബന്ധം ഉന്നയിച്ചുള്ള തന്ത്രം പയറ്റുമ്പോഴും കോൺഗ്രസ് നേതൃത്വം കരുതലെടുത്തിരുന്നു. ജോ വന്നവഴി തുറന്ന് കാട്ടാൻ ശ്രമിക്കുമ്പോൾ തന്നെ സഭയെ പിണക്കാതിരിക്കാൻ ജാഗ്രത കാണിക്കുമ്പോഴാണ് സ്വന്തം നിരയിലെ എതിർപ്പ് കോൺഗ്രസ്സിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത്. 

ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്ന് വരുന്നുണ്ട്. സഭ ഒരു സ്ഥാനാർത്ഥിയെ നിശ്ചിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല. ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്കാ സഭ. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ല. നിക്ഷിപ്ത താൽപര്യക്കാരാണ് അത്തരം പ്രചാരണങ്ങൾ നടത്തുന്നത് - ചെന്നിത്തല 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ