
ആലപ്പുഴ/കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിൽ സാധാരണ ഉണ്ടാകാത്ത പ്രതിസന്ധിയാണ് ഇത്തവണ ഉണ്ടായത്. പാർട്ടി സെക്രട്ടറി സ്വന്തം ഭാര്യയ്ക്ക് സീറ്റ് കൊടുത്ത ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല. സാധാരണ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ പോലും സർക്കാരിനെതിരാണ്. മുഖ്യമന്ത്രി സ്വന്തം പ്രോഗ്രാം റിപ്പോർട്ട് ഇറക്കി. ജനങ്ങൾ സർക്കാരിന് ഒരു പ്രോഗ്രസ് റിപ്പോർട്ടും നൽകുന്നില്ല. പൂജ്യം മാർക്കാണ് മുഖ്യമന്ത്രിക്ക് നൽകുന്നത്. കള്ളത്തരങ്ങളും അസത്യങ്ങളും ആണ് പ്രോഗ്രസ്സ് റിപ്പോർട്ടിലുള്ളത്. 100ലധികം സീറ്റിൽ യുഡിഎഫ് വിജയിക്കുമെന്നും മുഖ്യമന്ത്രി ആരാണെന്ന ചർച്ചകളിലേക്ക് ഇപ്പോൾ വീഴാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനെപ്പറ്റി ഇതുവരെ പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭരണം മാറുമെന്ന് ഉറപ്പാണെന്നും കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്ന് സിപിഎം പ്രചരിപ്പിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും ഹരിപ്പാട് മികച്ച ഭൂരിപക്ഷം കിട്ടുമെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യുഡിഎഫിന്‍റെ വിജയം സുനിശ്ചിതമാണെന്നും യുഡിഎഫ് അനുകൂല തരംഗമെന്ന് മാധ്യമങ്ങള്‍ വരെ ഉറപ്പിച്ചുവെന്നും ലീഗ് കൂടുതൽ മന്ത്രിസ്ഥാനം ചോദിച്ച് യുഡിഎഫിൽ സമ്മർദ്ദം ഉണ്ടാക്കുമെന്ന ബിജെപി- സിപിഎം ആരോപണം പരാജയഭീതി മൂലമാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരാജയം മുന്നിൽകണ്ടാണ് ഇരുകൂട്ടരും ഒരേ ആരോപണം ഉന്നയിക്കുന്നത്. രാജീവ് ചന്ദ്രശേഖരനും എ വിജയരാഘവനും ഒരേ രീതിയിലാണ് സംസാരിക്കുന്നത്. കാലങ്ങളായുള്ള ബന്ധമാണ് ലീഗിന് എൻഎസ്എസും സഭകളുമായുള്ളത്. എൽഡിഎഫ് പരാജയ ഭീതിയിലാണിപ്പോള്‍. ജനങ്ങളെ വിരട്ടാൻ നോക്കിയിട്ട് കാര്യമില്ല. സിപിഎം- ബിജെപി ഡീൽ മറക്കാനാണ് ഇപ്പോൾ ലീഗിനെ പറയുന്നത്. പാലക്കാട് സാമുദായികമായി ജനങ്ങളെ ഭിന്നിപ്പിക്കാൻ സ്ഥാനാർത്ഥിയെ നിർത്തി.
പക്ഷെ അതൊന്നും വിലപോകില്ല. പാലക്കാട് രമേശ് പിഷാരടി വലിയ വോട്ടിനു വിജയിക്കും. വർഗീയ സംഘടനകളെ ചുമലിലേറ്റി നടന്നവരാണ് എൽഡിഎഫുകാര്‍. പൊന്നാനിയിൽ തീവ്രവാദസ്വഭാവമുള്ളവർക്ക് സ്‌റ്റേജ് കെട്ടി കൊടുത്തു. മാത്യു കുഴൽനാടന്‍റെ ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും കേള്‍ക്കാൻ പാടില്ലാത്തതാണ് കേള്‍ക്കുന്നതെന്നും കൃഷ്ണൻകുട്ടി തന്നെ അതിൽ വിശദീകരണം നൽകട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam