സഭാ തര്‍ക്കം: 38 ദിവസത്തിന് ശേഷം 91 കാരിയുടെ മൃതദേഹം സംസ്‌കരിച്ചു, സംഭവത്തിൽ 56 പേര്‍ക്കെതിരെ കേസ്

By Web TeamFirst Published Dec 6, 2019, 12:34 PM IST
Highlights

പൊലീസ് കാവൽ മറികടന്ന് പള്ളിയിൽ കയറിയാണ് സംസ്കാരം നടത്തിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 56 യാക്കോബായ വിഭാഗക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

ആലപ്പുഴ: കായംകുളം കട്ടച്ചിറ പള്ളിയിൽ സഭാതർക്കത്തെ തുടർന്ന് സെമിത്തേരിയിൽ സംസ്കരിക്കാനാകാതെ വീടിന് മുന്നിൽ പേടകത്തിൽ സൂക്ഷിച്ചിരുന്ന 91 കാരിയുടെ മൃതദേഹം സംസ്കരിച്ചു. പൊലീസ് കാവൽ മറികടന്നാണ് യാക്കോബായ വിഭാഗക്കാർ പള്ളിയിൽ പ്രവേശിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 56 യാക്കോബായ വിഭാഗക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

പുലർച്ചെ അഞ്ചരയോടെയാണ് പൊലീസ് കാവൽ മറികടന്ന് യാക്കോബായ വിഭാഗക്കാർ മൃതദേഹവുമായി പള്ളിയിൽ കയറി സംസ്കാരം നടത്തിയത്. കഴിഞ്ഞ ഒക്ടോബർ 28 നാണ് യാക്കോബായ വിഭാഗക്കാരിയായ മറിയാമ്മ രാജൻ മരിച്ചത്. സഭാതർക്കം കാരണം സംസ്കാരം നടത്താനാകാതെ മൃതശരീരം പ്രത്യേക പേടകത്തിൽ വീടിനു മുന്നിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി, നടപ്പാക്കിയ പള്ളിയാണ് കട്ടച്ചിറയിലേത്. സംസ്കാര ചടങ്ങുകൾക്ക് ഇപ്പോഴത്തെ പള്ളി വികാരി തന്നെ കാർമികത്വം വഹിക്കണമെന്ന് ഓർത്തഡോക്സ് സഭയും, ഇത് അംഗീകരിക്കാനാവില്ലെന്ന് യാക്കോബായ വിഭാഗവും നിലപാടെടുത്തു. ഇതോടെയാണ് 91 കാരിയുടെ സംസ്കാരം 38 ദിവസം വൈകിയത്. 

സഭാതർക്കം കാരണം മുൻപും സംസ്കാര ചടങ്ങുകൾ വൈകിയ സംഭവം കട്ടിച്ചിറയിലുണ്ടായിട്ടുണ്ട്. തർക്കങ്ങളും സംഘർഷങ്ങളും കാരണം മേഖലയിൽ പൊലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിലുണ്ട്. പള്ളിയിൽ അതിക്രമിച്ചു കയറൽ, കലാപം ഉണ്ടാക്കാൻ ശ്രമം, പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി 56 യാക്കോബായ വിഭാഗക്കാർക്ക് എതിരെ കുറത്തികാട് പൊലീസ് കേസെടുത്തു.

click me!