'ഹു കെയേഴ്സ് എഫക്ടി'നെ സിനിമാ സ്റ്റൈലിൽ മറികടക്കാൻ രമേഷ് പിഷാരടി; രാഹുൽ മാങ്കൂട്ടം വിവാദം മറികടക്കുമോ കോൺഗ്രസ്? നാൾവഴികൾ

Published : Mar 19, 2026, 06:56 PM IST
Rahul Mamkoottathil

Synopsis

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളും തുടർന്നുണ്ടായ നിയമനടപടികളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നടൻ രമേഷ് പിഷാരടി എത്തുമ്പോൾ, മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുകയാണ്.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളമൊട്ടാകെ ഉറ്റു നോക്കുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. 2024 ഉപതെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് പിൻഗാമിയായി എത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലം കയ്യേറാൻ പുതിയ കോൺഗ്രസ് സ്ഥാനാർത്ഥിയായി സിനിമാ നടനായ രമേഷ് പിഷാരടി വരികയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിയാകട്ടെ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങി വച്ച മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നാണ് ആദ്യ വാഗ്ദാനം തന്നെ. എന്നാൽ, പതിനെട്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാലക്കാട് പിടിച്ചെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എന്തു കൊണ്ട് ലിസ്റ്റിൽ നിന്ന് പുറത്തായി? വിവാദമായ സംഭവങ്ങൾ നോക്കാം..

കത്തുന്ന രാഷ്ട്രീയ വിവാദം

ഷാഹി പറമ്പിൽ എംപിയായ അവസരത്തിൽ രാജി വച്ച സീറ്റിലേക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചത്. 2024 ഡിസംബർ 4 ന് രാഹുൽ പാലക്കാട്ടെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസിലെ യുവാക്കളിലെ മുൻ നിര നേതാക്കളിൽ ഇടംപിടിച്ച രാഹുൽ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് ആയും പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയക്കാരെ അസൂയപ്പെടുത്തുന്ന വളരെ പെട്ടെന്നുള്ള വളർച്ചയായിരുന്നു രാഹുലിന്റേത്. എന്നാൽ, 2025 ഓഗസ്റ്റിലാണ് പൊടുന്നനെ യുവനടിയും മോഡലുമായ റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ രാഹുലിന്റെ രാഷ്ട്രീയ ജീവിതമാകെ മാറ്റിമറിക്കാൻ തുടക്കം കുറിച്ചത്. ഒരു “യുവ രാഷ്ട്രീയ പ്രവർത്തകൻ” അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു ആദ്യ ആരോപണം. ഹു കെയേഴ്സ് എന്ന രാഹുൽ ഉപയോഗിക്കുന്ന പദമാണ് ഇതിനെ രാഹുലിനോട് കൂട്ടിച്ചേർത്തത്.

പിന്നീട്, ചുരുക്കം ചില ദിവസങ്ങൾക്കുള്ളിൽത്തന്നെ ആദ്യ പരാതിക്കാരിയുടെ ശബ്ദ സന്ദേശങ്ങളടക്കം പുറത്തു വന്നു. ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്നുമായിരുന്നു ശബ്ദ സന്ദേശത്തിൽ ഉണ്ടായിരുന്നത്. ട്രാൻസ്ജെൻഡർ അവന്തികയും മാധ്യമങ്ങൾക്ക് മുന്നിൽ തനിക്ക് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി. സമാനമായി പലരും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. ഇതോടെ 2025 ഓഗസ്റ്റ് 21 ന് രാഹുൽ മാങ്കൂട്ടത്തിലിന് തന്റെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജി വക്കേണ്ടി വന്നു. ദിവസങ്ങൾക്കുള്ളിൽ, ഓഗസ്റ്റ് 25 ന് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി സസ്പെന്റ് ചെയ്തു. ഓഗസ്റ്റ് 28 ന് രാഹുലിന് മേൽ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസുകൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെയും (SIT) രൂപീകരിച്ചു. എന്നാൽ, നിയമ വഴിക്ക് നീങ്ങാൻ താൽപര്യമില്ലെന്ന് അതിജീവിതമാർ അറിയിച്ചതോടെ, എസ്ഐടി നിയമോപദേശം തേടുകയായിരുന്നു.

ഇതിന് പിന്നാലെ, നവംബറോടെ രാഹുൽ മണ്ഡലത്തിലടക്കം സജീവമായി ഇടപെട്ടു തുടങ്ങി. എന്നാൽ നവംബർ 27 ന് അതിജീവിത കൂടുതൽ തെളിവുകൾ പുറത്തുവിട്ടു. വാട്സ് ആപ്പ് ചാറ്റിലടക്കം ഗർഭഛിദ്രത്തിന് രാഹുൽ നിർബന്ധിച്ചുവെന്ന തരത്തിലുള്ള മെസേജുകളാണ് ഉണ്ടായിരുന്നത്. ഇതേ ദിവസം അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി. പരാതിയിന്മേൽ കേസെടുത്തതിന് പിന്നാലെ, നവംബർ 28 ന് രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോകുകയായിരുന്നു. 2025 ഡിസംബർ 4 ന് രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ, കോൺഗ്രസ് വീണ്ടും പ്രതിരോധത്തിലായി. എംഎൽഎ ആയി രാഹുൽ മാങ്കൂട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ഒരു വര്‍ഷം തികയുന്ന അതേ ദിവസം തന്നെ കോൺഗ്രസ് പാർട്ടിയിൽ നിന്നും അദേഹത്തെ പുറത്താക്കി. ഡിസംബർ 5 ന് രണ്ടാം അതിജീവിതയുടെ പരാതിയിലും കേസെടുക്കുകയായിരുന്നു. ഇതിന് ശേഷം ഡിസംബർ 10 ന് രണ്ടാം പീഡനക്കേസിൽ രാഹുലിന് മുൻകൂർ ജാമ്യവും ലഭിച്ചു.

2026 ജനുവരി ആദ്യമാണ് മൂന്നാമത്തെ അതിജീവിതയുടെ പരാതി മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്. സാമ്പത്തിക ചൂഷണമടക്കം പരാതിയിലുണ്ടായിരുന്നു. ഈ കേസിലാണ് രാഹുലിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ജനുവരി 11ന് പാലക്കാട്ടെ ഹോട്ടൽ മുറിയിൽ വച്ച് പുലർച്ചെ വളരെ നാടകീയമായിട്ടായിരുന്നു രാഹുലിന്റെ അറസ്റ്റുണ്ടായത്. പിന്നെ ദിവസങ്ങൾ നീണ്ട ജയിൽ വാസമാണ് രാഹുലിന് അനുഭവിക്കേണ്ടി വന്നത്. വീണ്ടും പുറത്തിറങ്ങിയ രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് പറഞ്ഞ് വലിയ പ്രതിഷേധങ്ങളുണ്ടായി. നിയമ സഭയിലും ഇതേ ആവശ്യവുമായി ഭരണപക്ഷ എംഎൽഎമാരടക്കം നീങ്ങി. ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തു വരുന്ന വാർത്ത, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളിയെന്നാണ്. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്ഐടി നൽകിയ ഹർജിയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.

ഔദ്യോഗികമായി പരാതി ലഭിക്കാത്ത കേസുകളടക്കം കേരളമൊട്ടാകെ ഇപ്പോഴും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് എൽഡിഎഫും ബിജെപിയും. പാലക്കാട് മണ്ഡലത്തിൽ രാഹുൽ എഫക്ട് ഉണ്ടാകുമോ അതോ ആരോപണങ്ങളെ കാറ്റിൽപ്പറത്തി രമേഷ് പിഷാരടിയെ മുൻനിർത്തി കോൺഗ്രസ് പാലക്കാട് നിലനിർത്തുമോ? ഇനി കാത്തിരിപ്പിന്റെയും പോരാട്ടത്തിന്റെയും നാളുകൾ.…

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏറ്റുമാനൂരിൽ വീണാ നായർ പുറത്ത്; നർത്തകി ആതിര ഡി നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥി
പഴയ ഇടത് VS പുതിയ ഇടതോ? സിപിഎമ്മിലെ പൊട്ടിത്തെറികളുടെ യഥാര്‍ത്ഥ കാരണമെന്ത്?