
ദില്ലി: യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയ സെക്രട്ടറിയായി ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്ത് വിട്ടത്. അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍, 40 സെക്രട്ടറിമാര്‍, അഞ്ച് ജോയിന്‍റ് സെക്രട്ടറിമാര്‍ എന്നിവരാണ് പുതിയ പട്ടികയിലുള്ളത്.
ഏബ്രഹാം റോയ് മണി, അമര്‍പ്രീത് ലല്ലി, അനില്‍ യാദവ്, ദീപക് മിശ്ര, സന്തോഷ് കോല്‍ക്കുന്ത എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ചരിത്രപരമായ കമ്മിറ്റി എന്നാണ് പുതിയ പട്ടികയെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. 33 ശതമാനം വനിത സംവരണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്‍റ് ആയിരുന്ന രമ്യ ഹരിദാസ് ആലത്തൂരില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായിരുന്നു. കരുത്തനായ സിപിഎമ്മിന്‍റെ പി കെ ബിജുവിനെ തോല്‍പ്പിച്ചാണ് കന്നി തെരഞ്ഞെടുപ്പില്‍ തന്നെ രമ്യ ലോക്സഭയിലേക്ക് എത്തിയത്. കോഴിക്കോട് കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പി പി ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ജവഹര്‍ ബാലജനവേദിയിലൂടെയാണ് പൊതുരംഗത്തേക്കെത്തിയത്.
കെഎസ്‍യുവിലൂടെ രാഷ്ട്രീയപ്രവേശം. യൂത്ത് കോണ്‍ഗ്രസിന്റെ കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറി ആയ രമ്യ സംഘടനയുടെ അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പണ്ട് ദില്ലിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു രമ്യയുടെ രാഷ്ട്രീയജീവിതത്തില്‍ വഴിത്തിരിവായത്.
അന്ന് ബിഎ സംഗീതവിദ്യാര്‍ഥിനിയായിരുന്നു രമ്യ. നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ സ്വന്തം നിലപാടുകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും രമ്യ താരമായി. യുവപ്രവര്‍ത്തകയിലെ നേതൃപാടവം കൂടി രാഹുല്‍ തിരിച്ചറിഞ്ഞതോടെ രാഹുല്‍ ബ്രിഗേഡിലെ മികച്ച പോരാളികളില്‍ ഒരാളായി രമ്യ മാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam