
തൃശൂര്‍: അനില്‍ അക്കരക്കൊപ്പം നീതു ജോണ്‍സണെ കാണാന്‍ രമ്യ ഹരിദാസ് എംപിയും. ചൊവ്വാഴ്ചയാണ് കൗണ്‍സിലര്‍ സൈറാബാനുവിനൊപ്പം അനില്‍ അക്കരയും രമ്യ ഹരിദാസും മങ്കരയില്‍ കാത്തിരിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ 11 വരെയാണ് ഇവര്‍ കാത്തിരിക്കുന്നത്. അനില്‍ അക്കരയോടൊപ്പം പെണ്‍കുട്ടിയെ കാത്തിരിക്കാന്‍ താനുമുണ്ടാകുമെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് രമ്യ ഹരിദാസ് അറിയിച്ചത്.
ലൈഫ് പദ്ധതി എംഎല്‍എ മുടക്കുകയാണെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്തിനെ തുടര്‍ന്നാണ് ഇവര്‍ കത്തെഴുതിയ പെണ്‍കുട്ടിയെ തേടിയിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍മീഡിയയില്‍ നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടി എംഎല്‍എക്കെതിരെ എഴുതിയതെന്ന് അവകാശപ്പെടുന്ന കുറിപ്പ് പ്രചരിച്ചത്.
'സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗണ്‍സിലല്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനില്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത് പ്ലീസ്' - നീതു ജോണ്‍സണ്‍, മങ്കര എന്നായിരുന്നു കുറിപ്പ്.
ഇതിന് പ്രതികരണമായാണ് എംഎല്‍എ രംഗത്തെത്തിയത്. നീതു ജോണ്‍സണെ കണ്ടെത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി താനും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും എങ്കേക്കാട് മങ്കട റോഡില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെ കാത്തിരിക്കുമെന്നും നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ എന്നെ സമീപിക്കാമെന്നും അനില്‍ അക്കര വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam