
കൊച്ചി: യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് കോടതി. രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവം നടന്ന കാരവാൻ തിരിച്ചറിയണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ഉച്ച കഴിഞ്ഞ് പരിഗണിക്കും. തനിക്കെതിരായ പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും ജാമ്യാപേക്ഷയിൽ രഞ്ജിത്ത് പറയുന്നു. നിരവധി ശത്രുക്കൾ ഉണ്ടെന്ന് വ്യക്തമാക്കിയ രഞ്ജിത്ത് നടി ഐസിസിക്ക് മുന്നിൽ പരാതി നൽകിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യസ്ഥിതി മോശമാണ്. ബലംപ്രയോഗിക്കാനുള്ള ശരീരിക കരുത്ത് ഇല്ല. ജാമ്യം നൽകണമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നുമാണ് ജാമ്യാപേക്ഷയിൽ രഞ്ജിത്ത് വ്യക്തമാക്കുന്നത്.
ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ വെച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിതിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സ്‌ഥിരീകരിച്ചു. എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഒളിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴ മുട്ടത്തു നിന്നാണ് ഇന്നലെ രാത്രി രഞ്ജിത്തിനെ പിടികൂടിയത്. രാത്രി മുഴുവൻ കഴിഞ്ഞത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത് ഗുളിക കഴിക്കുന്ന കാര്യത്തിലടക്കം ഡോക്‌ടർമാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചു . രാവിലെ ഏഴു മണിയോടെ രഞ്ജിത്തിനെ കൊച്ചി മരടിൽ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചാണ് പൊലീസ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു.
യുവ നടിയോട് രഞ്ജിത് കാരവനിൽ വച്ച് മോശമായി പെരുമാറിയ കാര്യം സിനിമ സെറ്റിലുള്ളവരെല്ലാം അറിഞ്ഞിരുന്നെന്ന് പൊലീസ് പറഞ്ഞു . കടുത്ത മാനസികാഘാതത്തിലായ അതിജീവിത കഴിഞ്ഞയാഴ്ച നേരിട്ട് എത്തി പരാതി നൽകുകയായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. സംഭവ സമയത്ത് മറ്റൊരു ചലച്ചിത്ര പ്രവർത്തകയുടെ സാന്നിധ്യം കാരവനിൽ ഉണ്ടായിരുന്നുവെന്ന അഭ്യൂഹം നിഷേധിക്കാനോ സ്‌ഥിരീകരിക്കാനോ കമ്മീഷണർ തയാറായില്ല.
അറസ്‌റ്റിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് നടി പരാതി നൽകിയ കാര്യം രഞ്ജിത് അറിഞ്ഞതെന്നാണ് സൂചന. ഉന്നത ഉദ്യോഗസ്ഥരെയടക്കം ബന്ധപ്പെട്ട് അറസ്‌റ്റ് ഒഴിവാക്കാൻ ശ്രമം നടന്നെങ്കിലും തിരഞ്ഞെടുപ്പ് കാലമായതിനാൽ ഉന്നതരാരും കേസിൽ ഇടപെടാൻ തയാറായില്ല എന്നും വിവരമുണ്ട്. മാനസികാഘാതത്തിൽ ആയ യുവ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം ആയിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റിൽ ഉണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരെയും പോലീസ് ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam