'രാഷ്ട്രീയ കൊലപാതകങ്ങൾ സാധാരണം', രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം

Published : Jan 22, 2024, 01:58 PM IST
'രാഷ്ട്രീയ കൊലപാതകങ്ങൾ സാധാരണം', രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം

Synopsis

പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളെ ഓൺലൈനായിട്ട് കോടതിയിൽ ഹാജരാക്കിയത്

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കരുതെന്നും രഞ്ജിത്തിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതിഭാഗം വാദിച്ചു. ഷാനെകൊന്നതിന്‍റെ സ്വഭാവിക പ്രതികരണം മാത്രമാണെന്നും അതുകൊണ്ട് ക്രിമിനൽ ഗൂഢാലോചന നിലനിൽക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിൽ സാധാരണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പ്രതികളുടെ പ്രായം, കുടുംബം, പശ്ചാത്തലം എല്ലാം പരിഗണിച്ച് ശിക്ഷ ഇളവ് വേണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികളെ ഓൺലൈനായിട്ട് കോടതിയിൽ ഹാജരാക്കിയത്.

ഈ വരുന്ന 25ന് വീണ്ടും വാദം തുടരും. അന്ന് പ്രതികള്‍ക്ക് പറയാനുള്ളത് കോടതി നേരിട്ട് കേള്‍ക്കും. ഇതിന് ശേഷമാകും ശിക്ഷവിധിയുടെ തീയതി തീരുമാനിക്കുക.പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിന്‍റെ വാദമാണ് ഇന്ന് നടന്നത്. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷൻ്റ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റ വാദം. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ കൊലപ്പെടുത്തിയത്. 

ശംഖനാദം മുഴങ്ങി, അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു, ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

PREV
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്