Asianet News MalayalamAsianet News Malayalam

ശംഖനാദം മുഴങ്ങി, അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു, ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ശ്രീരാമ വിഗ്രഹത്തിന്‍റെ പ്രതിഷ്ഠ നടന്നത്

Ayodhya Ram Mandir Prana Pratishtha completed, Prime Minister attended the ceremony
Author
First Published Jan 22, 2024, 12:43 PM IST

ദില്ലി: ശംഖനാദം മുഴങ്ങി. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.


ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്.  സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനിൽ കുംബ്ലെ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്.

മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തിയിരുന്നു. ചടങ്ങിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് അനിൽ കുംബ്ലെ പറഞ്ഞു. അതേസമയം, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അയോധ്യയിലെത്തിയില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താത്തതെന്നാണ് വിവരം. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിലും വിവിധ ആഘോഷ പരിപാടികളാണ് ബിജെപിയും ഹിന്ദു സംഘടനകളും നടത്തുന്നത്. പല ക്ഷേത്രങ്ങളിലും പ്രത്യേക പൂജകള്‍ നടന്നു. തിരുവനന്തപുരം വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു.

അയോധ്യ പ്രാണ പ്രതിഷ്ഠ ദിനം, പ്രധാനമന്ത്രി രാവിലെ എത്തും, പ്രമുഖരുടെ നീണ്ട നിരയും; ദില്ലിയിലടക്കം കനത്ത സുരക്ഷ

Latest Videos
Follow Us:
Download App:
  • android
  • ios