
കൊച്ചി: അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ പ്ലീഡർ പിജി മനുവിനെതിരായ ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. കേസിൽ അതിജീവിതയുടെ ശാരീരിക മാനസിക അവസ്ഥ സംബന്ധിച്ച ഡോക്ടർമാരുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. അതിജീവിതയുടെ നിലവിലെ സ്ഥിതി മനസിലാക്കാൻ കോടതിയിലെ മുതിർന്ന വനിതാ അഭിഭാഷകയെ അയക്കുന്ന കാര്യം പരിഗണിക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അതിജീവിതയുടെ അഭിഭാഷകനോട് ഹൈക്കോടതി മറുപടി തേടി. പിജി മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വീണ്ടും വാദം കേൾക്കും. നിലവിലെ സാഹചര്യത്തിൽ അടച്ചിട്ട കോടതിയിൽ വാദം കേൾക്കേണ്ടതില്ലെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയായ ഹൈക്കോടതിയിലെ സീനിയർ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ പുറത്താക്കിയത്. ചോറ്റാനിക്കര പോലീസ് കേസ് എടുത്തതിന് പിറകെ അഡ്വക്കറ്റ് ജനറൽ രാജി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ബലാത്സഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് പിജി മനുവിനോട് അഡ്വക്കറ്റ് ജനറൽ രാജി ആവശ്യപ്പെട്ടത്. സർക്കാറിനായി നിരവധി ക്രിമിനൽ കേസുകളിൽ ഹാജരായ വ്യക്തിയിൽ നിന്ന് ഒരു തരത്തിലും സംഭവിക്കാൻ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും എജി ഓഫീസ് വിലയിരുത്തി.
2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പോലീസ് നിർദ്ദേശപ്രകാരം സർക്കാർ അഭിഭാഷകനായ പിജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് അഭിഭാഷകന്‍റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ തന്‍റെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്‍റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സ് ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പോലീസിന് കൈമാറിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam