
കൊച്ചി: കോഴിക്കോട് ചേവായൂരിൽ സിറോ മലബാർ സഭാ വൈദികന്‍റെ ബലാത്സംഗത്തിനിരയായ വീട്ടമ്മ പൊലീസിനെതിരെ പൊട്ടിത്തെറിച്ച് രംഗത്ത്. സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചെന്നും പ്രതിയായ വൈദികനെ രക്ഷിച്ചെടുക്കാനാണ് ശ്രമം നടക്കുന്നതെന്നും വീട്ടമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി ഒതുക്കിത്തീർക്കാൻ താമരശേരി രൂപതാ ബിഷപ്പ് ശ്രമിച്ചെന്ന് മൊഴി നൽകിയതോടെയാണ് പൊലീസ് ഒത്തുകളി തുടങ്ങിയതെന്നാണ് വിദേശ മലയാളിയായ വീട്ടമ്മയുടെ ആരോപണം .
സിറോ മലബാര്‍ സഭാ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽ കോഴിക്കോട്ടെ വീട്ടിലെത്തി ബലാൽസംഗം ചെയ്തെന്നായിരുന്നു ഇക്കഴിഞ്ഞ ഡിസംബര്‍ 4ന് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂർ പൊലീസിൽ നൽകിയ പരാതി. 2017 ജൂൺ 15 ന് നടന്ന സംഭവം സഭയുടെയും ബിഷപ്പിന്‍റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നു.
"സഭ ചതിച്ചു അടുത്തത് പൊലീസുകാരാണ്. ഇരയായ ഒരാളോട് പെരുമാറുന്നത് പോലെയല്ലല്ലോ എന്നോട് പെരുമാറിയത്. എനിക്ക് ഇര എന്ന് പറയാനും ഇഷ‍്ടമില്ല. പ്രശ്നങ്ങളിൽ നിന്ന് തിരിച്ചു വന്ന വ്യക്തിയാണ്. ഞാൻ രണ്ടര വർഷം കരഞ്ഞ വ്യക്തിയാണ്. ഇനി ഞാൻ ജീവിക്കാനാഗ്രഹിക്കുന്നു. ഒരു കാരണവശാലും ബിഷപ്പിനെതിരെ മൊഴി നൽകാൻ പാടില്ല. 164 കൊടുക്കാൻ പാടില്ല. കോടതി വളപ്പിലും 164 കൊടുക്കുന്നത് തടയാൻ വൈദികരുണ്ടായിരുന്നു. സ്റ്റേഷൻ വരാന്തയിൽ വച്ച് മറ്റ് പ്രതികളുടെ മുന്നിൽ ഇരുത്തിയാണ് പൊലീസ് മൊഴിയെടുത്തത്" - ഇതാണ് വീട്ടമ്മയുടെ പ്രതികരണം.
സഭക്കും പൊലീസിനും എതിരെ ഗുരുതരമായ ആക്ഷേപങ്ങളും ആരോപണങ്ങളുമാണ് വീട്ടമ്മയും ബന്ധുക്കളും ആരോപിക്കുന്നത്. ബിഷപ്പിനെതിരെ മൊഴി നൽകിയതോടെയാണ് കേസ് അട്ടിമറിക്കാൻ പൊലീസ് ബോധപൂര്‍വ്വം ഇടപെടൽ നടത്തിയത്. ഇരയെന്ന നിലയിലല്ല സ്ത്രീയെന്ന നിലയിലും പരാതിക്കാരിയെന്ന നിലയിലും കിട്ടേണ്ട അവകാശങ്ങളോ പരിഗണനയോ നീതിയോ കിട്ടിയിട്ടില്ലെന്നാണ് വീട്ടമ്മയുടെ തുറന്ന് പറച്ചിൽ.
ജോഷി കുരിയൻ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം:
"
പണം നൽകാത്തതിനാൽ കള്ളക്കേസ് കൊടുത്തെന്നാണ് നിലവിൽ അപവാദ പ്രചരണം നടത്തുന്നത്. ബിഷപ്പിന്‍റെ പേര് പുറത്ത് പറഞ്ഞതോടെയാണ് കേസിൽ അട്ടിമറി ശ്രമം തുടങ്ങിയതെന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് ആരോപിച്ചു. കേസ് രണ്ടായി രജിസ്റ്റര്‍ ചെയ്യാമെന്ന നിലപാടിലേക്ക് പൊലീസ് എത്തിയത് ബിഷപ്പിനെതിരായി മൊഴി നൽകിയതോടെയാണ്. കേസ് നിൽക്കില്ലെന്ന് പറഞ്ഞ പൊലീസ് കേസ് ഒതുക്കാൻ വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിച്ചു. കേസ് ഒതുക്കാൻ ഇപ്പോഴും സഭ ശ്രമിക്കുകയാണെന്നും വീട്ടമ്മയുടെ ഭര്‍ത്താവ് ആരോപിച്ചു.
പ്രതിയായ വൈദികൻ മനോജ് പ്ലാക്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam