
കോട്ടയം: ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് സംസ്ഥാന വനിതാ നേതാവ്. ശരീരത്തിൽ കടന്നുപിടിച്ചെന്നും മർദ്ദിച്ചെന്നും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് യുവതി കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എസ്എഫ്ഐയുടെ എറണാകുളം ജില്ലാ നേതാക്കളായ അമൽ സി എ, അർഷോ, പ്രജിത്ത് എന്നിവർക്കെതിരെയാണ് പരാതി.
ഇന്ന് നടന്ന എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. തെരഞ്ഞെടുപ്പിൽ എസ്എഫ് ഐ പാനലിനെതിരെ എഐഎസ്എഫ് പാനൽ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്ന് വനിതാ നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
''ദേഹത്ത് കടന്ന് പിടിക്കുകയും വസ്ത്രം വലിച്ച് കീറാൻ ശ്രമിക്കുകയുമായിരുന്നു. കഴുത്തിലും മാറിലും കയറിപ്പിടിച്ചു. ശരീരത്തിൽ പാടുകളുണ്ട്. നടുവിൽ ചവിട്ടേറ്റു''. ആക്രമിച്ചവരിൽ ഒരാൾ തന്റെ സഹപാഠിയായിരുന്നുവെന്നും യുവതി പറഞ്ഞു. ആക്രമിച്ചവരുടെ കൂട്ടത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫും ഉൾപ്പെട്ടിട്ടുണ്ടെന്നും എഐഎസ്എഫ് ആരോപിച്ചു. ആർ ബിന്ദുവിന്റെ സ്റ്റാഫ് കെഎം അരുണിനെതിരെയാണ് ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam