ആഭ്യന്തരമന്ത്രാലയത്തിലല്ല, പുറത്ത് ഇങ്ങനെയൊരു കൂടിക്കാഴ്ച അപൂർവം! മുഖ്യമന്ത്രി-അമിത് ഷാ കൂടിക്കാഴ്ച നടന്നത് ഔദ്യോഗിക വസതിയിൽ; കേന്ദ്ര സഹായം തേടി

Published : Oct 09, 2025, 03:46 PM IST
pinarayi amit shah

Synopsis

മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ദില്ലിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് ഷായുമായുള്ള കൂടിക്കാഴ്ചില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ നടന്നത് അപൂർവ അവസരങ്ങളിലെ കൂടിക്കാഴ്ച. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം സാധാരണ കൂടിക്കാഴ്ചകൾ ആഭ്യന്തരമന്ത്രാലയത്തിലാണ് നടക്കാറ്. അപൂര്‍വ അവസരങ്ങളില്‍ മാത്രമേ അമിത്ഷാ ആഭ്യന്തര മന്ത്രാലയത്തിന് പുറത്ത് കൂടിക്കാഴ്ച അനുവദിക്കാറുള്ളു. അത്തരത്തിലൊരു അപൂർവ കൂടിക്കാഴ്ചക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് അനുവാദം നൽകിയത്. പിണറായി, അമിത് ഷായെ കണ്ടത് കൃഷ്ണമേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലായിരുന്നു. ഔദ്യോഗിക വസതിയിൽ സാധാരണ ഗതിയിൽ കൂടിക്കാഴ്ചക്ക് അനുവാദം നൽകാത്ത ഷാ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇത് അനുവദിക്കു. മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ദില്ലിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് ഷായുമായുള്ള കൂടിക്കാഴ്ചില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. വയനാട് ദുരന്തത്തില്‍ കൂടുതല്‍ കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ മുഖ്യമന്ത്രി കണ്ടത്. അരമണിക്കൂര്‍ നേരമാണ് അമിത് ഷായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വിവാദ വിഷയങ്ങളോടൊന്നും മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.

നാളെ പ്രധാനമന്ത്രിയെ കാണും

വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട മുഖ്യമന്ത്രി, നാളെ പ്രധാനമന്ത്രിയേയും കാണും. പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയായിരുന്നു കേരളം ചോദിച്ചതെങ്കില്‍ ഇതുവരെ അനുവദിച്ചത് 260. 56 കോടി രൂപമാത്രമാണ്. ഒരു വർഷത്തിലധികം നീണ്ട മുറവിളികൾക്കൊടുവിലാണ് ഒക്ടോബർ 1 ന് വയനാടിന് പ്രത്യേക കേന്ദ്ര സഹായം പ്രഖ്യാപിച്ചത്. വയനാട്ടിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേന്ദ്രം പ്രത്യേകമായി അനുവദിക്കുന്ന ആദ്യ സഹായമായിരുന്നു ഇത്. കഴിഞ്ഞ വർഷം ജൂലൈയിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലുണ്ടായ ദുരന്തത്തിൽ തകർന്നതിന്റെ പുനർ നിർമ്മാണത്തിനായാണ് 260.56 കോടി രൂപ അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തലവനായുള്ള ഉന്നതാധികാര സമിതി ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും 9 സംസ്ഥാനങ്ങൾക്കായി ആകെ 4645.60 കോടിയാണ് അനുവദിച്ചത്. എന്നാൽ, 2022 ൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ അസമിന് 1270.788 കോടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വയനാടിന്റെ പുനർനിർമ്മാണത്തിന് പി ഡി എൻ എയായി കേരളം ആവശ്യപ്പെട്ടത് 2221 കോടിയാണ്.

എയിംസ് ആവശ്യവുമായി ആരോഗ്യമന്ത്രിയേയും കണ്ടു

കേരളത്തിന്‍റെ എയിംസ് ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയേയും മുഖ്യമന്ത്രി കണ്ടു. കേരളത്തിൽ എത്രയും വേഗം എയിംസ് അനുവദിക്കാനുള്ള നടപടികളിലേക്ക് കടക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രിയും മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തി. ദേശീയ പാതാ വികസനമടക്കമുള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ചയായത്. നിയമസഭ തെരഞ്ഞെടുപ്പിന് ചുരുങ്ങിയ മാസങ്ങള്‍ മുന്‍പിലുള്ളപ്പോള്‍ പരമാവധി കേന്ദ്രസഹായം സംസ്ഥാനത്തെത്തിക്കാനാണ് ശ്രമം. വയനാട് ദുരന്ത സഹായത്തില്‍ കേന്ദ്രത്തെ പഴി പറയുമ്പോള്‍ തന്നെ സംസ്ഥാനത്തിന്‍റെ ഇടപെടല്‍ ഫലപ്രദമല്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍
'അറസ്റ്റിൽ തെറ്റും ശരിയും പറയാനില്ല, അയ്യപ്പ സംഗമത്തിന് വിളക്ക് കത്തിച്ചത് തന്ത്രിയാണ്'; കണ്ഠര് രാജീവരുടെ അറസ്റ്റിൽ കെ മുരളീധരൻ