
തിരുവനന്തപുരം: കവടിയാർ കൊട്ടരത്തിൽ നിന്ന് അമൂല്യ രത്നങ്ങളടക്കം ആഭരണങ്ങൾ നഷ്ടമായ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്. ആഭരണങ്ങൾ മോഷണം പോയെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് വ്യക്തമാക്കിയത്. പിച്ചിപ്പു മൊട്ട് സ്വർണ്ണ പാദസരവും നാഗപട കമ്മലും മാലയും അടക്കം 12 ഇനം ആഭരണങ്ങളാണ് മോഷണം പോയതെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ആദ്യ ഘട്ടത്തിൽ കൊട്ടാരത്തിനുള്ളിൽ തന്നെ അന്വേഷണം നടന്നിട്ടുണ്ട്. പിന്നിലാരെന്ന് സംബന്ധിച്ച് കുടുംബത്തിന് ചിലരെ സംശയമുണ്ടെന്നാണ് സൂചന. പിന്നാലെയാണ് നിയമ സഹായം തേടിയത്. കൊട്ടാരവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും ഉൾപ്പെടെ മൊഴി രേഖപ്പെടുത്തും.
ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ, പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം, കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസരം, വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ, വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള, കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലും തൂക്കും, പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും, സ്വർണ്ണ കുഴിമിന്നുമാല, പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും, അഞ്ച് കുതിരപ്പവൻ നാണയങ്ങൾ എന്നിവ ഉൾപ്പെടെ രണ്ട് കോടിയോളം രൂപ വില വരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. . അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam