
കൂത്തുപറമ്പ് ; കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ രാഷ്ട്രീയ ജനതാ ദൾ സ്ഥാനാർഥിയായി മത്സരിച്ച പി കെ പ്രവീൺ 1,286 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. മൊത്തം 70,448 വോട്ടുകളാണ് പി കെ പ്രവീണിന് ലഭിച്ചത്. മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ജയന്തി രാജൻ 69,182 വോട്ടുകളാണ് ലഭിച്ചത്. അതേസമയം ബിജെപി സ്ഥാനാർത്ഥിയായ അഡ്വ ഷിജിലാലിന് 22,195 വോട്ടുകളാണ് ലഭിച്ചത്.
കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ വളരെയേറെ പ്രാധാന്യമുള്ള മണ്ഡലമാണ് കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൂത്തുപറമ്പ്. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഒരുപോലെ വേരോട്ടമുള്ള മണ്ണാണിത്. മുൻ മന്ത്രി പി ആർ കുറുപ്പ്, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖർ വിവിധ കാലഘട്ടങ്ങളിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ട്.
കൂത്തുപറമ്പ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കൂത്തുപറമ്പ് നഗരസഭയെക്കൂടാതെ തളിപ്പറമ്പ് താലൂക്കില്‍പ്പെട്ട പാട്യം പഞ്ചായത്തും തലശ്ശേരി താലൂക്കിലുള്‍പ്പെട്ട കുന്നോത്തുപറമ്പ്, മൊകേരി, പാനൂര്‍, തൃപ്പങ്ങോട്ടൂര്‍ എന്നീ പഞ്ചായത്തുകളും പാനൂർ നഗരസഭയുമാണ്. ഇവയില്‍ കൂത്തുപറമ്പ് നഗരസഭ ഉൾപ്പെടെ നാല് തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് ഭരണമാണ് നിലവിലുള്ളത്. പാനൂർ നഗരസഭ ഉൾപ്പെടെ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് അധികാരം നിലനിർത്തുന്നു. എൽഡിഎഫിന്‍റെ കൈവശമിരുന്ന കുന്നോത്തുപറമ്പ് പഞ്ചായത്ത് കഴിഞ്ഞ തവണ യുഡിഎഫ് അട്ടിമറി വിജയത്തിലൂടെ നേടിയെടുത്തത് മണ്ഡലത്തിലെ രാഷ്ട്രീയ മാറ്റമായി വിലയിരുത്തപ്പെടുന്നു.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 9,541 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി കെ പി മോഹനൻ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മുസ്ലിം ലീഗിലെ പൊറ്റങ്കണ്ടി അബ്ദുള്ളയായിരുന്നു പ്രധാന എതിരാളി. എന്നാൽ 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ കൂത്തുപറമ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് 10,788 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷം നേടാൻ സാധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗതമായി എൽഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണെങ്കിലും ലോക്സഭയിലെ യുഡിഎഫ് മുന്നേറ്റം ഇക്കുറി പോരാട്ടം വാശിയേറിയതാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam