
പാറശ്ശാല: തമിഴ്നാട്ടിലെ റേഷനരി കേരളത്തിലേക്ക് കടത്തുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. അഞ്ചര ടൺ റേഷനരിയുമായി രണ്ടു പേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തമിഴ്നാട്ടിൽ സൗജന്യമായി കിട്ടുന്ന റേഷനരി കേരളത്തിലെത്തിച്ച് വലിയ വിലയ്ക്ക് മറിച്ചുവിൽക്കുകയാണ് സംഘത്തിന്റെ രീതി.
തമിഴ്നാട്ടിൽ ഒരു രൂപയ്ക്ക് കിട്ടുന്ന റേഷനരി ശേഖരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വിൽപന നടത്തുന്ന നിരവധി സംഘങ്ങൾ അതിർത്തി ഗ്രാമങ്ങളിലുണ്ട്. അത്തരമൊരു സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. അഞ്ചര ടൺ റേഷനരിയുമായ വന്ന ചെന്നൈ, ബാലാജി നഗർ സ്വദേശി രാജു, തെങ്കാശി പിള്ളയാർ കോവിൽ സ്വദേശി ഭാസ്‌കർ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 4.18 ലക്ഷം രൂപയും കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് തെങ്കാശിയിൽ നിന്ന് പുനലൂർ വഴി നെടുമങ്ങാട്ടെത്തിയ ഇവർ അരി ഇറക്കിയ ശേഷം പാറശാലയ്ക്ക് പോകുമ്പോഴാണ് പളുകൽ ചെക്ക്‌പോസ്റ്റിൽ പിടിയിലാകുന്നത്. 50 കിലോ അരിയുടെ 110 ചാക്കുകളാണ് പിടികൂടിയത്.
ഇൻസ്‌പെക്ടർ എഴിൽ അരസിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്ക് നേതൃത്വം നൽകിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന പണം പുനലൂരിലും നെടുമങ്ങാട്ടും അരി വിറ്റ് കിട്ടിയതാണെന്നും കണ്ടെത്തി. തമിഴ്നാട്ടിലെ റേഷൻകടകളിൽ നിന്നും വീടുകളിൽ നിന്നുമാണ് ഇത്തരത്തിൽ വൻ തോതിൽ അരി ശേഖരിക്കുന്നത്.
കളിയിക്കാവിള, പാറശ്ശാല മേഖലകളിലെ ഗോഡൗണികളിലേക്കാണ് ഇവ എത്തിക്കുന്നത്. എന്നിട്ട് നിറം ചേർത്ത് പോളിഷ് ചെയ്ത് പുതിയ ബ്രാൻഡായി വിപണിയിലെത്തിക്കുകയാണ് പതിവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam