കേരളം മതസൗഹാർദത്തിൻ്റെ നാട്, തീവ്രവാദത്തിൻ്റെ വളർച്ചയുള്ളതായി തോന്നിയിട്ടില്ല: ഡിജിപിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ

Published : Jul 01, 2025, 09:08 AM IST
ravade chandrashekhar

Synopsis

കേരളത്തിൽ ഡിജിപിയായി ചുമതലയേൽക്കാൻ അവസരം തന്നതിന് മുഖ്യമന്ത്രിയോടും മറ്റുള്ളവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റവാഡ പറഞ്ഞു.

തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ​ഗ്രൂപ്പുകളുടെ വളർച്ചയുള്ളതായി തോന്നിയിട്ടില്ലെന്ന് ഡിജിപിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ. ഇതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. ക്രമസമാധാനം സംബന്ധിച്ച് എന്ത് സംഭവമുണ്ടായാലും ശക്തമായി നടപടിയെടുക്കും. ക്രൈം നടക്കുന്നുണ്ടെങ്കിൽ കൃത്യമായി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും റവാഡ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് റവാഡയുടെ പ്രതികരണം.

കേരളത്തിൽ ഡിജിപിയായി ചുമതലയേൽക്കാൻ അവസരം തന്നതിന് മുഖ്യമന്ത്രിയോടും മറ്റുള്ളവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് റവാഡ പറഞ്ഞു. ക്രമസമാധാനം വളരെ ഭം​ഗിയായി കൊണ്ടുപോവുന്ന സംസ്ഥാനമാണ് കേരളം. കേരള പൊലീസ് വളര പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ക്രമസമാധാനം വളരെ നല്ലതായി മുന്നോട്ട് പോവുന്നുണ്ട്. സഹപ്രവർത്തകരുമായി നല്ല രീതിയിൽ മുന്നോട്ട് പോവുമെന്നും റവാഡ പറഞ്ഞു. ഡ്ര​ഗ്സ് വിൽപ്പനക്കെതിരെ കർശനമായി നടപടിയെടുക്കും. മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവരെ ബോധവൽക്കരണം നടത്തി തിരികെ കൊണ്ടുവരും. വിഷയത്തിൽ ആഴത്തിൽ പഠനം നടത്തി കർശനമായി നടപടിയെടുക്കും. കേരളത്തിൽ മതസൗഹാർദം നല്ല രീതിയിലാണ് പോവുന്നത്. എവിടെയെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കും.

കൂത്തുപറമ്പ് വെടിവെയ്പ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെയായിരുന്നു. സംഭവിച്ചതെല്ലാം ജോലിയുടെ ഭാഗം. രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല. സേവനം മാത്രമാണ് ലക്ഷ്യമെന്നും റവാഡ പറഞ്ഞു. പ്രൊഫഷണൽ യാത്ര നന്നായി പോവുന്നുണ്ട്. വിവാദങ്ങൾക്കിടയിലൂടെ പോവുന്നുവെന്ന് തോന്നുന്നില്ലെന്നും ഇക്കാര്യത്തിൽ മറ്റൊന്നും പറയാനില്ലെന്നും റവാഡ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സർവീസിൽ നിന്ന് വിടുതൽ ലഭിച്ചയുടൻ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. എഡിജിപി എംആർ അജിത് കുമാർ, സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ്, എഐജി ജി‌ പൂങ്കുഴലി എന്നിവർ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിയുക്ത പൊലീസ് മേധാവിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡയെ പൊലീസ് മേധാവിയായി തീരുമാനിച്ചത്. ഇന്നലെ കേന്ദ്ര സർവ്വീസിൽ നിന്നും ഒഴിഞ്ഞ റവാഡെ പുലർച്ചെയാണ് തലസ്ഥാനത്ത് എത്തിയത്. ചുമതലയേറ്റെടുത്ത ശേഷം ഡിജിപി കണ്ണൂരിലേക്ക് പോകും. മുഖ്യമന്ത്രിയുടെ കണ്ണൂർ മേഖല അവലോകന യോഗത്തിൽ പങ്കെടുക്കും. കൂത്തുപറമ്പ് വെടിവയ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയതിൽ വിവാദങ്ങള്‍ നിലനിൽക്കേയാണ് റവാഡെയുടെ ഔദ്യോഗിക പരിപാടികൾ കണ്ണൂരിൽ നിന്നും തുടങ്ങുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം