ആർസിസിയിലെ മരുന്ന് ക്ഷാമം; കാരുണ്യ ഫാർമസിവഴി അടിയന്തരമായി മരുന്ന് എത്തിക്കാൻ തീരുമാനം

By Web TeamFirst Published Jan 9, 2021, 2:31 PM IST
Highlights

3 ആഴ്ചക്കുള്ളിൽ ആർ സി സി ആവശ്യപ്പെട്ട അത്രയും തോതിൽ മരുന്ന് എത്തിക്കുമെന്ന് കെഎംഎസ്‍സിഎല്‍ അറിയിച്ചു. നടപടി ആരോഗ്യ മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

തിരുവനന്തപുരം: ആർസിസിയിലേക്ക് ആവശ്യമായ മരുന്നുകൾ മെഡിക്കൽ സർവീസ് കോർപറേഷന് കീഴിലുള്ള കാരുണ്യ ഫാർമസിയിൽ നിന്ന് ഇന്ന് തന്നെ എത്തിക്കാൻ തീരുമാനം. അടിയന്തര ആവശ്യത്തിനുള്ള മരുന്നുകൾ ആർ സി സി യകൾ സ്വന്തം നിലയിൽ വാങ്ങാനും അനുമതി ആയി. ആർസിസിയിലെ മരുന്ന് ക്ഷാമത്തെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ആരോഗ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ ആണ് തീരുമാനം.

കുഞ്ഞുങ്ങളുടെയും കീമോ മുടങ്ങി, ആർസിസിയിൽ കടുത്ത മരുന്ന് ക്ഷാമം, കാണുമോ സർക്കാർ?.

മരുന്ന് കിട്ടാതെ ചികിത്സ മുടങ്ങിയ നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസകരമായ തീരുമാനം. ആർസിസിയിലേക്ക് ആവശ്യമായ മരുന്നുകൾ ഇന്ന് മുതൽ കാരുണ്യ ഫാർമസിയിൽ നിന്ന് എത്തിക്കും. ഇതിനുള്ള നിർദേശം നൽകി കഴിഞ്ഞു. വിവിധ പദ്ധതികളിൽ ഉൾപ്പെട്ട രോഗികൾ കാരുണ്യ ഫാർമസിയിൽ നിന്നോ എസ് എ ടി ആശുപത്രിയിലെ പേയിങ് കൗണ്ടറിൽ നിന്നോ മരുന്ന് വാങ്ങാം. ഇതിന്റെ വിശദാംശങ്ങൾ ആർസിസിയിൽ നൽകിയാൽ ആ തുക ആർസിസി നൽകും. മരുന്ന് പൂർണമായും തീരുന്ന അവസ്ഥ ഒഴിവാക്കാൻ ലോക്കൽ പർച്ചേസിന് ആർസിസിക്ക് അനുമതി നൽകി. ആർസിസി നൽകിയ പട്ടിക അനുസരിച്ചുള്ള മരുന്നുകൾ മെഡിക്കൽ കോർപറേഷൻ 3 ആഴ്ചക്കുള്ളിൽ എത്തിക്കും. ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ ആണെന്ന് kmscl ആരോഗ്യമന്ത്രിയെ അറിയിച്ചു.

നവംബറിൽ എത്തിക്കേണ്ടിയിരുന്ന മരുന്നുകൾ ആണിത്. മരുന്ന് ക്ഷാമം ഉണ്ടായതോടെ പിഞ്ചു കുഞ്ഞുങ്ങളുടെ അടക്കം ചികിത്സ മുടങ്ങിയ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട ആരോഗ്യമന്ത്രി ആർസിസി മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അധികൃതരുടെ അടിയന്തര യോഗം വിളിച്ചാണ് തീരുമാനം എടുത്തത്.

 

click me!