കണ്ണൂർ: ആര്‍സിസിയില്‍ കടുത്ത മരുന്ന് ക്ഷാമം. കീമോതെറാപ്പിക്കടക്കം മരുന്ന് കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കുന്ന അവസ്ഥയാണിപ്പോൾ. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ മരുന്ന് വാങ്ങി നല്‍കാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് ആര്‍സിസിയും അടിയന്തര ഘട്ടങ്ങളില്‍ സ്വന്തം നിലക്ക് മരുന്ന് വാങ്ങാൻ ആര്‍സിസിക്ക് അധികാരമുണ്ടെന്ന് മെഡിക്കല്‍ കോര്‍പറേഷനും പരസ്പരം പഴിചാരുകയാണിപ്പോൾ.

കുട്ടികളടക്കം നിരവധി രോഗികളാണ് മരുന്ന് ക്ഷാമത്തിന് മുന്നിൽ പകച്ച് നിൽക്കുന്നത്. 

വടകര സ്വദേശിയായ ഏഴ് വയസുകാരൻ അഞ്ച് വര്‍ഷമായി വൃക്കകളെ ബാധിച്ച അര്‍ബുദത്തിന് ചികില്‍സയിലാണ്. 14 റേഡിയേഷൻ കഴിഞ്ഞ ഈ കുഞ്ഞിന്‍റെ രോഗാവസ്ഥ കീമോ തെറാപ്പി വഴിയാണ് നിയന്ത്രിച്ചു പോരുന്നത്. എന്നാലിപ്പോൾ ആര്‍സിസിയില്‍ മരുന്നില്ലാതെ വന്നതോടെ കീമോ മുടങ്ങി. ഇതോടെ കുഞ്ഞിന്‍റെ ആരോഗ്യവും മോശമായിത്തുടങ്ങി. 


രക്താര്‍ബുദം ബാധിച്ച ഈ രണ്ടര വയസുകാരന്‍റെ അവസ്ഥയും വ്യത്യസ്തമല്ല. പുറത്ത് നിന്ന് മരുന്ന് വാങ്ങാൻ ഇവര്‍ക്ക് 5000 മുതൽ 20000 രൂപ വരെ ചെലവാകും.

ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് ആര്‍സിസി അധികൃതര്‍ സമ്മതിക്കുന്നുണ്ട്. മരുന്ന് വാങ്ങി നല്‍കേണ്ട മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ്റെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്നകാരണമെന്നാണ് ആര്‍സിസിയുടെ വിശദീകരണം. ആര്‍സിസി അധികൃതരുടെ നിസഹകരണം കാരണം മരുന്ന് വാങ്ങുന്നതിൽ കാലതാമസം ഉണ്ടായെന്ന് വിശദീകരിക്കുന്ന മെഡിക്കല്‍ കോര്‍പറേഷൻ അടിയന്തരഘട്ടങ്ങളില്‍ തദ്ദേശീയമായി മരുന്ന് വാങ്ങാനുള്ള അനുമതി ആര്‍സിസിക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും പറയുന്നു. ആര്‍സിസിയും കോര്‍പറേഷനും തമ്മിലുള്ള തര്‍ക്കം പക്ഷേ രോഗികളെ ഗുരുതരമായി ബാധിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും സര്‍ക്കാരിടപെടൽ ഉണ്ടായിട്ടില്ല.