
പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ തകർന്ന പത്തനംതിട്ട വെണ്ണിക്കുളത്തെ കോമളം പാലത്തിന്‍റെ പുനർനിർമ്മാണം വൈകുന്നു. പല തവണ പാലത്തിന് പണം അനുവദിച്ചെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടിയുണ്ടായില്ല. പാലം ഇല്ലാതായതോടെ കല്ലൂപ്പാറ പഞ്ചായത്തിന്‍റെ ഒരു ഭാഗം പൂർണ്ണമായും ഒറ്റപ്പെട്ടു. ഇക്കഴിഞ്ഞ ഒക്ടോബറിലെ മഴയിൽ കലിതുള്ളിയൊഴുകിയ മണിമലയാറാണ് കോമളം പാലത്തിന്‍റെ ഒരു വശം തകർത്തെറിഞ്ഞത്.
അപ്രോച്ച് റോഡ് അടക്കം അൻപതടിയോളം ദൂരത്തിൽ തീരം ആറ് കവർന്നു. പുറമറ്റം കല്ലൂപ്പാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. തുരുത്തിക്കാട് അമ്പാട്ടുഭാഗം മാരേട്ടുതോപ്പ് കോമളം കുംഭമല തുടങ്ങിയ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ആളുകളെയാണ് പാലം തകർന്നത് ബാധിച്ചത്. അത്യാവശ സാധനങ്ങള്‍ വാങ്ങാനും സ്കൂളിലേക്കും കോളേജിലേക്കും പോകേണ്ടി വരുമെന്നതും പ്രതിസന്ധിയിലായി.
നിലവിൽ പത്ത് കിലോമീറ്ററിലധികം ചുറ്റി വേണം വിദ്യാർത്ഥികളടക്കമുള്ളവർ ലക്ഷ്യ സ്ഥാനങ്ങളിലെത്താൻ.ചില സന്നധ സംഘടനകൾ ചേർന്ന് താത്കാലിക പാലം നിർമ്മിച്ചെങ്കിലും മണിമലയാറ്റിലെ ഓഴുക്കിനെ പ്രതിരോധിക്കാൻ കഴിയാതെ വന്നതോടെ അതും തകർന്നു. കടത്ത് വള്ളം ക്രമീകരിച്ചതും ഫലം കണ്ടില്ല. സൈന്യത്തിന്‍റെ ബെയിലി പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ കേന്ദ്ര പ്രതിരോധ മന്ത്രിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ വർഷങ്ങൾ പഴക്കമുള്ള പാലം പൂർണമായും പൊളിച്ച് നീക്കി പുതിയത് പണിയുന്നതിനെ പറ്റി ആലോചിക്കുകയാണെന്നാണ് സർക്കാർ വിശദീകരണം.