പുഷ്പന് റെഡ് സല്യൂട്ട്; നിലയ്ക്കാത്ത മുദ്രാവാക്യം വിളികൾ സാക്ഷി, സമരസഖാവിന് വിട

Published : Sep 29, 2024, 06:04 PM ISTUpdated : Sep 29, 2024, 07:34 PM IST
പുഷ്പന് റെഡ് സല്യൂട്ട്; നിലയ്ക്കാത്ത മുദ്രാവാക്യം വിളികൾ സാക്ഷി, സമരസഖാവിന് വിട

Synopsis

തണ്ടൊടിഞ്ഞിട്ടും വാടാതെ മൂന്ന് പതിറ്റാണ്ടോളംകാലം ചെറുത്തു നില്‍പ്പിന്‍റെ പ്രതീകമായി നിന്ന ആ ചെമ്പനീർ പൂവിന് നാട് വിട ചൊല്ലി.

കണ്ണൂർ: നിലയ്ക്കാത്ത മുദ്രാവാക്യം വിളികൾ സാക്ഷി. തണ്ടൊടിഞ്ഞിട്ടും വാടാതെ മൂന്ന് പതിറ്റാണ്ടോളംകാലം ചെറുത്തു നില്‍പ്പിന്‍റെ പ്രതീകമായി നിന്ന ആ ചെമ്പനീർ പൂവിന് നാട് വിട ചൊല്ലി. കൂത്തുപറമ്പ് സമര സഖാവിന് റെഡ് സല്യൂട്ട്.  അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് നാട് യാത്രാമൊഴിയേകി. തലശ്ശേരി ടൌൺ ഹാളിലെയും ചൊക്ലിയിലെ രാമ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെയും പൊതുദർശനത്തിന് ശേഷം മേനപ്രത്തെ വീടിന് സമീപം ഭൌതിക ശരീരം സംസ്കരിച്ചു. കൂത്ത് പറമ്പ് വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തരാണ് ഇന്നലെ മുതലെത്തിയത്. 

തളരാത്ത മനോവീര്യത്തോടെ പാർട്ടിക്കൊപ്പം അടങ്ങാത്ത കൂറും പ്രതീക്ഷയും അവസാനം വരെ നെഞ്ചിൽ സൂക്ഷിച്ച പുഷ്പന് നിലയ്ക്കാത്ത മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ അന്ത്യയാത്രയേകിയത്.  രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങള്‍ക്കിരകളായി ജീവിതം തകര്‍ന്നവര്‍ ഏറെയുണ്ടെങ്കിലും ജീവിക്കുന്ന രക്തസാക്ഷിയെന്ന വിശേഷണം പുഷ്പനോളം ചേരുന്നവര്‍ സിപിഎമ്മില്‍ വിരളമായിരുന്നു. പുഷ്പന്‍റെ ചരിത്രം പാര്‍ട്ടിക്കാര്‍ക്ക് ആവേശമായെങ്കിലും ആ രണഗാഥയ്ക്കാധാരമായ വിഷയത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ട് പോകുന്നതിനും പഷ്പന്‍ സാക്ഷിയായി. അപ്പോഴും ഒരു എതിര്‍ശബ്ദവും ഉയര്‍ത്താതെ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയായിരുന്നു പുഷ്പന്‍. 

കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാം ക്ളാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം. നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന്‍,  കുടുംബം പുലര്‍ത്താനായി ബംഗലൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. പുഷ്പനും അതിന്‍റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര്‍25 വെളളിയാഴ്ച കൂത്തുപറന്പില്‍ എംവി രാഘവനെ തടയാനുളള സമരത്തിന്‍റെ ഭാഗമാകുന്നത്.

കൂത്തുപറമ്പിൽ അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന്‍. ചടങ്ങില്‍ അധ്യക്ഷന വഹിക്കേണ്ടിയിരുന്ന മന്ത്രി എന്‍ രാമകൃഷ്ണന്‍, സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ചടങ്ങില്‍ നിന്ന് പിന്‍മാറിയെങ്കിലും രാഘവന്‍ ഉറച്ച് നിന്നു. രാഘവനെ തടയാനായി കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമായി രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഒടുവില്‍ മന്ത്രി രാഘവനെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ഇരച്ചെത്തി. പൊലീസ് ലാത്തിച്ചാർജ് തുടങ്ങിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ കല്ലേറ് തുടങ്ങി. ഇതോടെയാണ് പൊലീസ് വെടിവയ്പ്പ് ഉണ്ടായി.

പൊലീസ് നടത്തിയ രണ്ട് ഘട്ടമായി നടത്തിയ വെടവയ്പ്പില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് കെകെ രാജീവന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി റോഷന്‍, പ്രവര്‍ത്തകരായ ഷിബുലാല്‍, മധു, ബാബു എന്നിവര്‍ മരിച്ചു വീണു. കഴുത്തിന് പിന്നിലേറ്റ വെടിയുണ്ട പുഷ്പന്‍റെ സുഷുമ്ന നാഡിയിലാണ് പ്രഹരമേല്‍പ്പിച്ചത്. കഴുത്തിന് താഴേക്ക് തളര്‍ന്ന പുഷ്പന്‍ അന്ന് മുതല്‍ കിടപ്പിലായിരുന്നു പാര്‍ട്ടിയുടെ വിലയത്തിലായിരുന്നു പിന്നിടുളള ജീവിതം. 

കൂത്തുപറമ്പ് വെടിവയ്പ്പില്‍, പാര്‍ട്ടി പ്രതി സ്ഥാനത്ത് നിര്‍ത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനു ശേഷം രാഷ്ട്രീയ ആലിംഗനം ചെയ്യുന്നതും കേരളം കണ്ടു. എംവിആറിന്‍റെ മകന് നിയമസഭാ സീറ്റും പിന്നീട് പാര്‍ട്ടി പദവിയും നല്‍കി. എന്നാല്‍ പാര്‍ട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പന്‍ ഒരു എതിര്‍ശബ്ദവും ഉയര്‍ത്തിയില്ല. വെടിവയ്പ്പിന് കാരണമായ സ്വാശ്രയ കോളകളുടെ കാര്യത്തില്‍ സിപിഎം നിലപാട് മാറ്റുന്നതും പുഷ്പന്‍ കണ്ടു. അപ്പോഴും ഒരു എതിര്‍ ശബ്ദവും ഉയര്‍ത്താതെ പുഷ്പന്‍ അടിയുറച്ച പാര്‍ട്ടിക്കാരനായി തന്നെ തുടര്‍ന്നു. 3 പതിറ്റാണ്ട് കാലത്തെ ചെറുത്തു നില്‍പ്പിന് ശേഷം പുഷ്പൻ വിടപറഞ്ഞു. 

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി