'സർക്കാരിൻ്റെ കടുംവെട്ട്'; കവടിയാർ ടെന്നിസ് ക്ലബിന്‍റെ 11 കോടി പാട്ടക്കുടിശ്ശിക ഒരു കോടിയാക്കി കുറച്ചു

Web Desk   | Asianet News
Published : Feb 16, 2021, 03:20 PM ISTUpdated : Feb 16, 2021, 04:54 PM IST
'സർക്കാരിൻ്റെ കടുംവെട്ട്'; കവടിയാർ ടെന്നിസ് ക്ലബിന്‍റെ 11 കോടി പാട്ടക്കുടിശ്ശിക ഒരു കോടിയാക്കി കുറച്ചു

Synopsis

യുഡിഎഫ് സർക്കാറിന്റെ കടുംവെട്ട് തീരുമാനങ്ങൾ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാർ സ്ഥാനമൊഴിയാനിരിക്കെ കടുവെട്ടിനെയും കടത്തി മുന്നോട്ട്. തിരുവനന്തപുരം കവടിയാറിലെ ടെന്നീസ് ക്ലബിന് 4.27 ഏക്കർ ഭൂമി വർഷങ്ങൾക്ക് മുമ്പാണ് കുത്തകപ്പാട്ട വ്യവസ്ഥക്കു നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: പാട്ടക്കുടിശിക വരുത്തിയതിന് റവന്യുവകുപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ച തിരുവനന്തപുരം ടെന്നീസ് ക്ലബിനായി സർക്കാറിന്റെ കടുംവെട്ട് തീരുമാനം. 11 കോടി ഉണ്ടായിരുന്ന കുടിശ്ശിക ഒരു കോടിയാക്കി കുറയ്ക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. അന്തിമ തീരുമാനം നാളത്തെ മന്ത്രിസഭാ യോഗം കൈക്കൊള്ളും. ക്ലബിന്റെ പാട്ടകുടിശ്ശിക കുറച്ച യുഡിഎഫ് സർക്കാർ തീരുമാനം റദ്ദാക്കാൻ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നിയോഗിച്ച എകെ ബാലൻ സമിതി ശുപാർശ ചെയ്തിരുന്നു.

യുഡിഎഫ് സർക്കാറിന്റെ കടുംവെട്ട് തീരുമാനങ്ങൾ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാർ സ്ഥാനമൊഴിയാനിരിക്കെ കടുവെട്ടിനെയും കടത്തി മുന്നോട്ട്. തിരുവനന്തപുരം കവടിയാറിലെ ടെന്നീസ് ക്ലബിന് 4.27 ഏക്കർ ഭൂമി വർഷങ്ങൾക്ക് മുമ്പാണ് കുത്തകപ്പാട്ട വ്യവസ്ഥക്കു നൽകിയിരിക്കുന്നത്.

ഉമ്മൻചാണ്ടി സർക്കാറിന്റെ അവസാനനാളുകളിൽ ക്ലബിന്റെ പാട്ട കുടിശ്ശിക ആറ് കോടി. അന്നെടുത്ത കടുംവെട്ട് തീരുമാനങ്ങളുടെ ഭാഗമായി കുടിശ്ശിക പകുതിയാക്കി നിശ്ചയിച്ചു. ഒപ്പം 30 വർഷത്തേക്ക് പാട്ടക്കാലാവധിയും നീട്ടി. കടുംവെട്ട് തീരുമാനങ്ങൾ പരിശോധിക്കാൻ പിണറായി സർക്കാർ വന്നപ്പോൾ രൂപീകരിച്ച എകെ ബാലൻ സമിതി കുടിശ്ശിക കുറച്ച തീരുമാനം റദ്ദാക്കി.  ക്ലബ് പ്രതിനിധികളുമായി ഹിയറിംഗ് നടത്താൻ റവന്യുസെക്രട്ടറിയെ ചുമതലപ്പെടുത്തി. ഹിയറിംഗ് നടന്നെങ്കിലും തീരുമാനമാനമായില്ല. പക്ഷെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാൻ റവന്യുമന്ത്രി നിർദ്ദേശിച്ചു. 

ആദ്യവെട്ട് മുൻചീഫ് സെക്രട്ടറി ടോം ജോസ് വക. 27-4-2020ന്. പൊതുതാല്പര്യമുള്ള കായികപരിശീലനം നൽകുന്ന സ്ഥാപനമായതിനാൽ ഇളവ് വേണമെന്ന് ഫയലിൽ എഴുതി. എന്നാൽ ടെന്നീസ് ക്ലബിൽ  സൗജന്യം പരിശീലനം ഇല്ലെന്ന് കാണിച്ച് ഭൂമി ഏറ്റെടുക്കാൻ റവന്യുസെക്രട്ടറി വീണ്ടും ആവശ്യപ്പെട്ടു. ടോം ജോസ് മാറി വിശ്വാസ് മേത്ത വന്നപ്പോഴും നിലപാട് ക്ലബിന് അനുകൂലമായിരുന്നു. ഒറ്റയടിക്ക് 11 കോടിയുടെ കുടിശ്ശിക ഒരു കോടിയാക്കി കുറച്ചു. തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ഫയലിൽ എഴുതി. റവന്യു സെക്രട്ടറി ഉറച്ചുനിന്നപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് ഫയൽ കായികവകുപ്പിന് കൈമാറി.

പൊതുജനങ്ങൾക്കെല്ലാം ഈ ക്ലബ്ബിൽ ഇഷ്ടം പോലെ സൗജന്യനിരക്കിൽ ടെന്നീസ് കളിക്കാമെന്ന് കരുതിയാൽ തെറ്റി. വൻതുക അംഗത്വഫീസ് നൽകാത്തവർക്ക് സ്ഥാനം ഗേറ്റിന് വെളിയിൽ. അങ്ങിനെയുള്ള ക്ലബിനാണ് പൊതുജനതാല്പര്യം പറഞ്ഞുള്ള കൈ സഹായം. അതും മുൻ സർക്കാറിന്റെ തെറ്റ് തിരുത്തുമെന്ന് പ്രഖ്യാപിച്ച പിണറായി സർക്കാറിന്റെ വാരിക്കോരിയുള്ള ഇളവ്


 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം