
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റിയൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്. ജസ്ന സലീമിനൊപ്പം ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്ളാഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.
നേരത്തെ, ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല. അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ചതിനെതിരെ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി നൽകിയത്. പരാതി പൊലീസ് കോടതിക്ക് കൈമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam