
കൽപ്പറ്റ : വയനാട്ടിലെ ദുരിതപ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസം വളരെ പ്രധാനമാണെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ലിഡ ജേക്കബ്. പുനരധിവാസം സർക്കാരോ മറ്റാരെങ്കിലുമോ നൽകുന്ന ഔദാര്യമോ അല്ല. ദുരിതഭൂമിയിലേ ഓരോ ആളുടേയും അവകാശമാണ്. ദുരിതബാധിതരുടെ അന്തസിന് കോട്ടം വരുന്ന രീതിയിലുളള ഒരു സമീപനം ആരുടേയും ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ ലിഡ ജേക്കബ് ചൂണ്ടിക്കാട്ടി.
സർക്കാരും ഔദാര്യമെന്ന രീതിയിൽ ജനങ്ങളെ സമീപിക്കരുത്. ദുരിതബാധിതർക്ക് പത്ത് സെന്റ് സ്ഥലം നൽകി അതിൽ വീടുവെച്ച് കൊടുത്താൽ എല്ലാമാകില്ല. അവർക്ക് ഉപജീവനമാർഗം ഒരുക്കി നൽകണം. ദുരന്തബാധിത പ്രദേശത്ത് നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുക, അടിയന്തരസഹായം നൽകുക, പുനരധിവാസം, പുനർ നിർമ്മാണം എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് ദുരിതമേഖലയിലെ പുനരധിവാസം.
ദുരിതബാധിത പ്രദേശത്തെ ഭൂരിഭാഗം പേരും കർഷകരാണ്. മറ്റ് ജില്ലകളിലാണെങ്കിലും വെറുതെയിട്ടിരിക്കുന്ന ഭൂമി ഇവർക്ക് കൃഷിചെയ്യാനായി നൽകണം. കൃഷി ഭൂമിയുണ്ടെങ്കിൽ അത് ലീസിനാണെങ്കിലും വിട്ടുനൽകണം. ഇത് ചെയ്യേണ്ടത് സർക്കാർ നിയന്ത്രണത്തിലാകണം. ഇത്തരം ഭാവിയെ കൂടി മുന്നിൽ കണ്ടുളള പ്ലാനുകൾ തയ്യാറാക്കണമെന്നും ലിഡ ജേക്കബ് ചൂണ്ടിക്കാട്ടി. സൂനാമി ദുരന്ത കാലത്ത് പുനരധിവാസത്തിന്റെ സ്‌പെഷൽ ഓഫീസർ ആയിരുന്നു ലിഡ ജേക്കബ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam