വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടാവും, യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കും: ലൈവത്തോണിൽ മന്ത്രി
ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ വിശദമായ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയായ ലൈവത്തോണിലാണ് മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ വിശദമായ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയായ 'ലൈവത്തോണിലാണ്' മന്ത്രിയുടെ പ്രതികരണം.
ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മറ്റെല്ലാവരുമായും കൂടിയാലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സ്കൂൾ, ആശുപത്രി, കൃഷി, റോഡ്, വാഹന സൗകര്യം, ഉപജീവനമാർഗം, സ്കിൽ ഡെവലപ്മെന്റ് സെന്റർ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാനസികമായ പിന്തുണയ്ക്ക് വേണ്ടി സ്ഥിരമായി കൗൺസലിംഗ് സംവിധാനം കൂടി ഏർപ്പെടുത്തും. നിർമാണഘട്ടത്തിൽ ദുരന്തബാധിതർക്ക് തൊഴിൽ സാധ്യതയുണ്ടാവുമോ എന്ന് പരിശോധിക്കും. ഒറ്റപ്പെട്ടുപോയ ഒരുപാട് പേരുണ്ട്. അവരെ വീട്ടിൽ ഒറ്റയ്ക്ക് താമസിപ്പിക്കാനാവില്ല. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോവുന്ന അവർക്ക് ലോക്കൽ ഗാർഡിയനായി സർക്കാർ ഉദ്യോഗസ്ഥനുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
വയനാട്ടിലെ ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ട്, ജീവിതം ചോദ്യചിഹ്നമായി മാറിയ മനുഷ്യരുടെ അതിജീവനത്തിനായി ഏഷ്യാനെറ്റ് ന്യൂസും. ഇനിയുള്ള ജീവിതം എങ്ങനെ എന്നതിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നുമുയരുന്ന ചോദ്യങ്ങളിൽ ഏഷ്യാനെറ്റ് ന്യൂസും ഉത്തരം തേടുകയാണ്. പുനരധിവാസം, ഉപജീവനം, വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസം അടക്കം അതിജീവന വിഷയങ്ങൾ ഉയർത്തിയും കാലാവസ്ഥ മുന്നറിയിപ്പിൽ പിഴച്ചത് എവിടെ എന്നതിൽ അന്വേഷണവുമായി ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണ്‍ രണ്ടാം പതിപ്പ് ഇന്ന് രാവിലെ 10 മണിക്ക് തുടങ്ങി.
പുനരധിവാസത്തിനൊപ്പം ഉപജീവനം ഉറപ്പാക്കാൻ എന്തൊക്കെ പദ്ധതികളുണ്ടാകും. കാലാവസ്ഥ വ്യതിയാനത്തിൽ ഇനിയൊരു മുണ്ടക്കൈ ആവർത്തിക്കാതിരിക്കാൻ കേരളം എങ്ങിനെയൊക്കെ കരുതലെടുക്കും. ഇനിയുള്ള ജീവിതം എങ്ങനെ എന്നതിൽ ദുരന്തഭൂമിയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ഉയരുന്ന ചോദ്യങ്ങളിൽ ഉത്തരം തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിന്‍റെ രണ്ടാം പതിപ്പിലൂടെ. പുനരധിവാസം, ഉപജീവനം, വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള അതിജീവനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിന്‍റെ രണ്ടാം പതിപ്പിൽ ഉയരും. ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹീക സാംസ്കാരിക രംഗത്തെ പ്രമുഖരാണ് പങ്കെടുക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8