
തിരുവനന്തപുരം: രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എൻകെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. ഫേസ്ബുക്ക് കുറിപ്പിലാണ് അവർ എംപിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ പറഞ്ഞ പ്രസ്താവനയിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കൽപ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും അവർ വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കൽപിക കഥ കേരളത്തിൽ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു.
സുപ്രീം കോടതി വിധിവന്നതിനു ശേഷം, 2018 ഒക്ടോബർ 19നാണ് ഞാൻ ശബരിമലയിൽ കയറാൻ ശ്രമിക്കുന്നത്. ബിന്ദു അമ്മിണി ചേച്ചി കയറുന്നത് 2019 ജനുവരി രണ്ടിനാണ് ആണ്. 2018 നവംബർ 27ന് ഞാൻ അറസ്റ്റിൽ ആയി. ഡിസംബർ 14 നു ഞാൻ പുറത്തിറങ്ങുമ്പോൾ എന്റെ ജാമ്യ വ്യവസ്ഥയിൽ പമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും സമാനമായ പ്രവർത്തികളിൽ ഏർപ്പെടരുതെന്നുമാണ് പറഞ്ഞത്. തന്മൂലം ഞാൻ ജനുവരി രണ്ടിന് പാലാ പോയിട്ട് വീടിനു പുറത്തേക്കു പോലും ഇറങ്ങിയാൽ, ഇവിടുത്തെ ആചാരസംരക്ഷകരുടെ കണ്ണ് വെട്ടിച്ച് ഏതെങ്കിലും ഒരു സ്ഥലത്തു നിൽക്കാൻ പോലും കഴിയില്ല എന്നത് പകൽപോലെ വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി സഖാവ് ആണ് എന്നെ മല കയറാൻ കൊണ്ടുവന്നതെന്ന ആരോപണവും വാസ്തവമല്ല. മല കയറുന്നതിനു മുൻപോ, ശേഷമോ എന്റെ ജീവിതത്തിലുടനീളം ഒരു രാഷ്ട്രിയ പാർട്ടിയിൽ നിന്നോ, രാഷ്ട്രീയക്കാരിൽ നിന്നോ, മതസഘടനകളിൽ നിന്നോ യാതൊരുവിധ സഹായവും സ്വീകരിച്ചിട്ടില്ലെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam