
ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ ആണ് ഇളംകാട് സ്വദേശി ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിൽ എത്തിയത്. തുടർന്ന രണ്ടുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സംഘർഷത്തിനു ശേഷം കട്ടിലിൽ കിടന്ന ബിനുവിനെ തങ്കച്ചൻ കമ്പിപ്പാര കൊണ്ട് തലക്ക് കുത്തിയാണ് കൊലപ്പെടുത്തിയത്. ദേശീയ പാതയിൽ നിന്നും ഒരു കിലോമീറ്ററിലധികം ചെങ്കുത്തായ ഒറ്റയടി പാതയിലൂടെ നടന്നു വേണം തങ്കച്ചന്റെ വീട്ടിൽ എത്താൻ. കൊല നടത്തിയ ശേഷം തങ്കച്ചൻ വീട്ടിൽ നിന്നും നടന്ന് റോഡിലെത്തി. പുല്ലുപാറയിൽ ഉള്ള ഒരു തട്ടുകടയിൽ ചെന്ന് ബന്ധുവായ ബിനു വീണ് പരിക്കേറ്റ് കിടക്കുകയാണെന്ന് അറിയിച്ചു. കടക്കാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കാൻ പറഞ്ഞു. വിവരം അറിഞ്ഞു ഫയർഫോഴ്‌സെത്തി പരിശോധിച്ചപ്പോൾ കൊലപാതകം ആണെന്ന് മനസ്സിലായി. ഇവർ ഉടൻ തന്നെ പെരുവന്താനം പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് തങ്കച്ചനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
രണ്ടു പേരും ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണെന്ന് പൊലീസ് പറഞ്ഞു. ബിനു സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ആയിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞു പുറത്ത് ഇറങ്ങിയതാണ്. തങ്കച്ചനും ഒരു കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam