കെ സി വേണുഗോപാൽ എംപിയാണ് ആദിത്യന്റെയും കുടുംബത്തിന്റെയും സ്വപ്‌ന വീടിന് തറക്കല്ലിട്ടത്. അരീപ്പറമ്പിലെ ആദിത്യന്‍റെ കൃഷിത്തോട്ടത്തിന്‍റെ ഒത്തനടുവിലാകും സ്വപ്ന വീടുയരുക.

ആലപ്പുഴ: കർഷക ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസ് കേരളത്തിന് പരിചയപ്പെടുത്തിയ കുട്ടി കർഷകൻ ആദിത്യൻ്റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്ന് ആദിത്യന് നൽകുമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് പ്രഖ്യാപിച്ച വീടിൻ്റെ തറക്കല്ലിടൽ ചേർത്തല അരീപ്പറമ്പിൽ നടന്നു. കെ സി വേണുഗോപാൽ എംപിയാണ് ആദിത്യന്റെയും കുടുംബത്തിന്റെയും സ്വപ്‌ന വീടിന് തറക്കല്ലിട്ടത്. ഒരു ഗ്രാമം ഒന്നാകെ ആദ്യത്തെ സന്തോഷത്തിന്റെ ഭാഗമായി.

ഒരു ഗ്രാമത്തെയാകെ സാക്ഷിയാക്കി ആദിത്യന്‍റെയും മാതാപിതാക്കളുടെയും സ്വപ്ന ഭവനത്തിന് കെ സി വേണുഗോപാല്‍ തറക്കല്ലിട്ടു. അരീപ്പറമ്പിലെ ആദിത്യന്‍റെ കൃഷിത്തോട്ടത്തിന്‍റെ ഒത്തനടുവിലാകും സ്വപ്ന വീടുയരുക. കൃഷിയെ സ്നേഹിക്കുന്ന ഒരു പുതുതലമുറയ്ക്കുള്ള പ്രചോദനമാണ് ആദിത്യന്‍റെ വീടൊരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് പ്രതികരിച്ചു. അതേസമയം, അപ്രതീക്ഷിത സന്തോഷത്തിന്‍റെ തിളക്കത്തിലാണ് ആദിത്യന്‍.

ചിങ്ങം ഒന്നിനാണ് ആറാം ക്ലാസുകാരന്‍ ആദിത്യന്‍റെ കൃഷി മികവ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയത്. സംസ്ഥാന മികച്ച കുട്ടികര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടും ഒറ്റമുറി ഷെഡിലാണ് ആദിത്യനും മാതാപിതാക്കളും കഴിയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയിലൂടെ മനസിലാക്കിയ കൃഷിമന്ത്രി അവര്‍ക്ക് വീടൊരുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രിയുടെ ആവശ്യപ്രകാരം അജ്ഫാന്‍ ഗ്രൂപ്പാണ് ആദിത്യനും കുടുംബത്തിനും വീടൊരുക്കുന്നത്.

YouTube video player