ചിറയിൻകീഴിലെ തമ്മിലടിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്, എല്ലാ പ്രശ്നങ്ങൾക്കും കാരണം പാളയം പ്രദീപാണെന്ന് ആരോപിച്ചു. പ്രദീപിനെതിരെ കൃത്യമായ നടപടി വേണമെന്നും എംഎൽഎ രമ്യാ ഹരിദാസ് സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ് ആരോപിച്ചു. എംഎൽഎ രമ്യാ ഹരിദാസിനെതിരെ കേസ് കൊടുത്തെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായില്ല. പ്രദീപിനെ മാറ്റി നിർത്തണമെന്ന് ആവശ്യമുണ്ടായിരുന്നു. ആ ആവശ്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ചിറയിൻകീഴിൽ എംഎൽഎ മാത്രം മതിയെന്നും എംഎൽഎ സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും സജാദ് വ്യക്തമാക്കി.

ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹ​രിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി രംഗത്തെത്തിയിരുന്നു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്മേലാണ് നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.