'മാവോയിസ്റ്റാകാൻ ഒരു സാധ്യതയുമില്ല, എസ്എഫ്ഐക്കാരാണ്', അറസ്റ്റിലായ യുവാക്കളുടെ ബന്ധുക്കൾ

By Web TeamFirst Published Nov 2, 2019, 11:55 AM IST
Highlights

മാവോയിസ്റ്റ് ലഘുലേഖ പിടിച്ചെടുത്തു എന്ന് മാത്രമല്ല, ഇവർക്ക് മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ ഇതിന് ഒരു സാധ്യതയുമില്ലെന്നും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഇരുവരും സജീവ സിപിഎം പ്രവർത്തകരാണ്.

കോഴിക്കോട്: പന്തീരങ്കാവിൽ യുഎപിഎ ചുമത്തി രണ്ട് സിപിഎം പ്രവ‍ർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ ബന്ധുക്കൾ രംഗത്ത്. കണ്ണൂർ സർവകലാശാലയിലെ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിയമവിദ്യാർത്ഥിയായ അലൻ ഷുഹൈബ് സിപിഎമ്മിന്‍റെ സജീവപ്രവർത്തകനാണ്. കഴിഞ്ഞ അഞ്ച് വർഷമായി സിപിഎം തിരുവണ്ണൂർ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. മാധ്യമ വിദ്യാർത്ഥിയായ താഹ ഫസൽ സിപിഎം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. താഹ എസ്എഫ്ഐയിലും സജീവമായിരുന്നു. ഇവർക്ക് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടാകാൻ ഒരു സാധ്യതയുമില്ലെന്ന് ബന്ധുക്കൾ പറയുന്നു.

ഇന്ന് കോഴിക്കോട്ട് വിവിധ ഔദ്യോഗികപരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. ഈ പരിപാടികൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകുമെന്ന് അലൻ ഷുഹൈബിന്‍റെ അച്ഛൻ ഷുഹൈബ് വ്യക്തമാക്കി. ഇദ്ദേഹം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് തന്നെ മുഖ്യമന്ത്രിയെ കാണാൻ അനുമതി കിട്ടിയിട്ടുണ്ടെന്നും ഷുഹൈബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇരുവരുടെയും അറസ്റ്റിനെതിരെ സിപിഎം പ്രാദേശിക നേതൃത്വവും കടുത്ത അമർഷത്തിലാണ്. മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധമറിയിക്കാൻ ജില്ലാ നേതൃത്വവും ശ്രമിക്കും. ആരെയെങ്കിലും പിടികൂടിയാൽ അപ്പോൾത്തന്നെ യുഎപിഎ പോലുള്ള കടുത്ത വകുപ്പുകൾ ചുമത്തുന്നതിൽ കടുത്ത പ്രതിഷേധമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു. സിപിഎം നേതാക്കൾ ഇപ്പോൾ പന്തീരങ്കാവ് പൊലീസ് സ്റ്റേഷനിൽ ഇവരെ കാണാനായി എത്തിയിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ മാവോയിസ്റ്റ് ലഘുലേഖകളുമായി പന്തീരങ്കാവിൽ മൂന്ന് പേരുണ്ടെന്ന് പൊലീസിന് വിവരം കിട്ടിയപ്പോൾ നടത്തിയ തെരച്ചിലിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. ഇതിൽ ഒരാൾ ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. അലനെയും താഹയെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെപ്പുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പൊടുന്നനെയുള്ള പ്രതികരണമായല്ല, ഇവർ ലഘുലേഖ സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതിനെ ബന്ധുക്കളും പ്രാദേശിക സിപിഎം നേതാക്കളും പാടേ എതിർക്കുന്നു. 

''മാവോ വാദി സംഘടനകളുമായി ഒരു ബന്ധവുമുണ്ടാവാൻ സാധ്യതയില്ല. മുമ്പ് എസ്എഫ്ഐയിൽ സജീവമായിരുന്നു. പക്ഷേ, തീവ്രനിലപാടുകളില്ല താഹയ്ക്ക്. ഞങ്ങളും സിപിഎം അനുഭാവമുള്ള കുടുംബം തന്നെയാണ്'', താഹ ഫസലിന്‍റെ ബന്ധു ഹസീന പ്രതികരിച്ചു. 

സിപിഎം മാവോയിസ്റ്റ് പശ്ചിമമേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇതിൽ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. മോദി, പിണറായി സർക്കാരുകൾ ഒരേ തൂവൽപ്പക്ഷികളാണെന്നാണ് ലഘുലേഖയിലുള്ളത്. സിപിഎമ്മും സംഘപരിവാറും ഒരേപോലെയാണെന്ന് ലഘുലേഖയിലുണ്ട്. ഇവരുടെ പക്കൽ നിന്ന് ബാനറുകൾ പിടിച്ചെന്നും പൊലീസ് പറയുന്നു. 

click me!