
പുത്തൂര്‍: കൊല്ലം പുത്തൂരിൽ തർക്കത്തെ തുടർന്ന് വൈകിയ വൃദ്ധയുടെ സംസ്കാരം ഒരുമാസത്തിന് ശേഷം ഒടുവിൽ പള്ളി സെമിത്തേരിയിൽ തന്നെ നടത്തി. സംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടയിലും നാട്ടുകാരിൽ ചിലര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ കനത്ത പൊലീസ് കാവലിലായിരുന്നു സംസ്കാരചടങ്ങുകൾ നടന്നത്.
ഏപ്രിൽ 14നാണ് തുരുത്തിക്കര സ്വദേശിയും 40 വര്‍ഷമായി മാർത്തോമ ജെറുസലേം പള്ളിയിലെ ഇടവക അംഗവും ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളുമായ അന്നമ്മ മരിച്ചത്. പള്ളി വക സെമിത്തേരിയിൽ സംസ്കരിക്കാൻ എത്തിയപ്പോൾ നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. മൃതദേഹം അഴുകി തുടങ്ങുമ്പോൾ അതിൽ നിന്നു വരുന്ന വെള്ളം സമീപത്തെ കിണറുകളെ മലിനമാക്കുന്നു എന്നു ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
പ്രതിഷേധം കനത്തതോടെ സമീപത്തുള്ള മാര്‍ത്തോമസഭയുടെ മറ്റൊരു സെമിത്തേരിയെ സമീപിച്ചെങ്കിലും അവിടെയും അന്നമ്മയെ സംസ്കരിക്കാന്‍ അനുവാദം കിട്ടിയില്ല. ഒടുവിൽ മൃതദേഹം സംസ്കരിക്കാൻ ആകാതെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. വിഷയം കോടതിയിൽ എത്തിയതോടെ എത്രയും വേഗം സംസ്കാരം നടത്തണമെന്ന് കോടതി നിർദേശിച്ചു. ഇത് അനുസരിച്ച് കളക്ടർ സർവകക്ഷി യോഗം വിളിച്ചു. ജലം പുറത്തു പോകാത്ത വിധം കോണ്‍ക്രീറ്റ് ചെയ്തു മൃതദേഹം അടക്കം ചെയ്യണമെന്ന് നിർദേശിച്ചു.
ഇതു അംഗീകരിച്ച ബന്ധുക്കൾ കല്ലറ കോണ്‍ക്രീറ്റ് ചെയ്തു വെള്ളം പുറത്തു പോകുന്നില്ലെന്ന് ഉറപ്പു വരുത്തി. അതിനു ശേഷമാണ് ഇന്ന് സംസ്കാരം നടത്താൻ എത്തിയത്. മൃതദേഹം എത്തിച്ചതോടെ നാട്ടുകാർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാരില്‍ ചില്‍ ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ മരങ്ങളിലും നിലയുറപ്പിച്ചു.
പ്രതിഷേധം തുടരുന്നതിനിടെ വൻ പൊലീസ് കാവലിലാണ് മൃതദേഹം അടക്കം ചെയ്‌തത്.
പ്രതിഷേധം നിലനിൽക്കുന്നതിനാൽ സെമിത്തേരിയിൽ 3 ദിവസം പോലീസ് കാവൽ ഏർപ്പെടുത്തി. 15 സെന്റ് വരുന്ന സെമിത്തേരി ഉടൻ മതിൽ കെട്ടി തിരിക്കാനും തീരുമാനമായിട്ടുണ്ട്. 80 വര്‍ഷത്തിലധികം പഴക്കമുള്ള സെമിത്തേരിയാണ് പുത്തൂര്‍ ജെറുസലേം മാര്‍ത്തോമാ പള്ളിയിലുള്ളത്. സ്ഥല സൗകര്യം കുറഞ്ഞു വരുന്നതിനാല്‍ അടുത്തുള്ള കുറച്ച് ഭൂമി കൂടി പള്ളി അധികൃതര്‍ വാങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam