ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തെങ്കിൽ ബിജു രമേശ് തെളിവ് പുറത്തുവിടണമെന്ന് പിജെ ജോസഫ്

By Web TeamFirst Published Oct 19, 2020, 1:24 PM IST
Highlights

ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ, ബിജു രമേശ് അതിന്റെ തെളിവ് പുറത്തുവിടുകയാണ് വേണ്ടതെന്ന് പിജെ ജോസഫ്

തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ വെളിപ്പെടുത്തൽ ആയുധമാക്കി പിജെ ജോസഫ് രംഗത്ത്. ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ, ബിജു രമേശ് അതിന്റെ തെളിവ് പുറത്തുവിടുകയാണ് വേണ്ടതെന്ന് പിജെ ജോസഫ് പറഞ്ഞു. നേരത്തെ ബിജു അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ബാർ കോഴക്കേസിൽ ഗൂഢാലോചന നടന്നിട്ടില്ല. അന്വേഷണ റിപ്പോർട്ടില്ലെന്ന് സിഎഫ് തോമസ് നേരത്തെ തന്നെ പറഞ്ഞതാണ്. ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്നതിൽ ദുരൂഹതയുണ്ട്. ഇപ്പോഴത്തെ ആരോപണത്തിൽ മറുപടി പറയേണ്ടത് ജോസ് കെ മാണിയാണെന്നും പിജെ ജോസഫ് പറഞ്ഞു.

ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി വാഗ്ദാനം ചെയ്തുവെന്നാണ് ബിജു രമേശിന്റെ ആരോപണം. ഒരു രാഷ്ട്രീയ പാർട്ടിയുമായും ഗൂഢാലോചന നടത്തിയിട്ടില്ല. കോൺഗ്രസുകാർ തന്നെയും കുടുംബത്തെയും വേട്ടയാടി. ജീവന് വരെ ഭീഷണിയുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കോടികളാണ് തനിക്ക് നഷ്ടമായത്. കോൺഗ്രസ് നേതാക്കൾക്കും കെപിസിസിക്കും 20 കോടി പിരിച്ചുനൽകിയിരുന്നു. ബാർ കോഴ ആരോപണത്തിൽ ഏത് കേന്ദ്ര ഏജൻസിയെ വെച്ചും അന്വേഷണം നടത്തട്ടെ. രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോർട്ട് സത്യമാണെന്ന് ജോസ് കെ മാണി പറഞ്ഞാൽ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കും. ബാർ കോഴ ആരോപണത്തിന് ശേഷം ചർച്ച നടത്തിയത് കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ എന്നിവരുമായാണ്. കേസില്ലായിരുന്നുവെങ്കിൽ കെഎം മാണി മുഖ്യമന്ത്രി ആകുമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആരോപണത്തിന് ശേഷം പിസി ജോർജ്ജ് ഒരു തവണ വിളിച്ചു. തനിക്ക് സുകേശനെയോ ജേക്കബ് തോമസിനെയോ അറിയില്ലെന്നും ബിജു രമേശ് പ്രതികരിച്ചു.

click me!