
കാസര്‍കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിൽ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസിന് ബന്ധമില്ലെന്നും വിഡി സതീശൻ പറഞ്ഞു. ശബരിമലയിലെ സ്വർണം മോഷ്ടിച്ച കുറ്റവാളികൾക്കെതിരെ നടപടി എടുക്കാത്ത സിപിഎം കോൺഗ്രസിനെ ക്രൂശിക്കാൻ ശ്രമിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. കൊലപാതക കേസുകളിൽ ഉൾപ്പെട്ടവരും ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ടവരുമാണ് സിപിഎം സ്ഥാനാർത്ഥികൾ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്നും പരാതി പോലും ലഭിക്കും മുമ്പ് നടപടിയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വിഡി സതീശൻ പറഞ്ഞു. ഇരയ്ക്കെതിരായ സൈബര്‍ ആക്രമണത്തിൽ പാര്‍ട്ടിക്ക് ബന്ധമില്ല. പാര്‍ട്ടിയിൽ നിന്നുള്ളവരാണെങ്കിൽ നടപടിയെടുക്കും. എന്നാൽ, അതൊന്നും പാര്‍ട്ടിയിലുള്ളവരല്ല. സൈബര്‍ ആക്രമണം നടത്തുന്നത് സിപിഎമ്മിന്‍റെ രീതിയാണ്. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താൻ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ടിറങ്ങിയെന്ന ചോദ്യത്തിൽ മാധ്യമപ്രവര്‍ത്തകരെ വിഡി സതീശൻ വിമര്‍ശിച്ചു. തന്‍റെ വാർത്ത സമ്മേളനം തകർക്കാൻ ചിലർ മുന്നിട്ടിറങ്ങുകയാണെന്നും രാഹുലിനെ കുറിച്ചുള്ള ചോദ്യത്തിന് കൂടുതൽ മറുപടി ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി കെ സുധാകരനും കൂടി ചേർന്ന് എടുത്തതാണെന്ന് രമേശ് ചെന്നിത്തല. ഇപ്പോൾ കെ സുധാകരൻ മാറ്റി പറയുന്നത് എന്ത് കൊണ്ടെന്ന് അറിയില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുലിനെ അനുകൂലിച്ചതിൽ വീക്ഷണം പത്രത്തിന് തെറ്റുപറ്റിയെന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയം വ്യക്തിപരമായ കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ അന്തരീക്ഷമാണുള്ളതെന്നും രാഹുൽ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് ആകുമ്പോൾ ഇങ്ങനെ പലതും വരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാഹുൽ വിഷയത്തിൽ കോൺഗ്രസിനെ രണ്ട് അഭിപ്രായമില്ല. പരാതിക്കാരിക്കെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് കെസി വേണുഗോപാൽ പ്രതികരിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ കോൺഗ്രസ് എംഎൽഎ അല്ലെന്നും ഇപ്പോള്‍ ആരോപണം ഉയര്‍ന്നതിൽ ഗൂഢാലോചനയുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമില്ല. സൈബറുകള്‍ക്ക് കോണ്‍ഗ്രസിന് നിയന്ത്രണമില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അതേസമയം, രാഹുലിന് ഒളിച്ചു പാർക്കാൻ അവസരം ഒരുക്കിയിരിക്കുന്നത് കെപിസിസിയാണെന്നും അതിൽ സംശയമില്ലെന്നും രാഹുലിനെ പുറത്താക്കാത്തത് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു.