കിഫ്ബി വിവാദത്തിലെ സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. വിവാദമായ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഉത്തരവുകൾ പരിശോധിക്കാതെയാണ് സുധാ പിള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഐസക് കുറ്റപ്പെടുത്തി.
കോട്ടയം: സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടിനെതിരെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് അഴിമതി ആരോപണം വരെ വന്നുനിൽക്കുകയാണ്. പാഴ്ഭൂമിയാണ്, ഖനനം ചെയ്തതാണ്, വെള്ളം കെട്ടിനിൽക്കുന്നതാണ് എന്നൊക്കെയാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. അർഹതയില്ലാത്ത വില കൊടുത്തു എന്നൊക്കെ പറയുന്ന ഈ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. യുഡിഎഫ് ഭരണകാലത്താണ് ഇതിന്റെ ഫയൽ നീങ്ങിയത്.
തുടർന്നു വന്ന എൽഡിഎഫ് സർക്കാർ യുഡിഎഫ് എടുത്ത തീരുമാനം അംഗീകരിച്ചു കൊടുക്കുകയാണുണ്ടായത്. എൽഡിഎഫ് അധികാരത്തിൽ വന്ന് മൂന്നു മാസത്തിനുള്ളിലാണ് ഉത്തരവിറങ്ങുന്നത്. അതാണിപ്പോൾ എൽഡിഎഫിനെതിരെ അഴിമതി ആരോപണമായി പോലും ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതി എന്ത് അന്വേഷണമാണ് നടത്തിയത്. സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ. ഇങ്ങനെയൊക്കെ പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടെയെന്നും തോമസ് ഐസക് ചോദിച്ചു.





