കാപ്പിക്കോ റിസോർട്ട് പൊളിക്കൽ: സംസ്ഥാന സർക്കാരിന് ആശ്വാസം, കോടതിയലക്ഷ്യ ഹർജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി

By Web TeamFirst Published Mar 27, 2023, 12:14 PM IST
Highlights

ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് തീരുമാനം. പൊളിക്കൽ അവസാനഘട്ടത്തിലാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. 

ദില്ലി: കാപ്പിക്കോ റിസോർട്ട് പൊളിക്കലിൽ സുപ്രീം കോടതിയിൽ സംസ്ഥാനസർക്കാരിന് ആശ്വാസം. പൊളിക്കൽ പൂർത്തിയാക്കില്ലെന്ന് കാട്ടിയുള്ള കോടതിയലക്ഷ്യ ഹർജി തുടരേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്കും സംസ്ഥാനസർക്കാരിനെതിയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് അനിരുദ്ധബോസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് തീരുമാനം. പൊളിക്കൽ അവസാനഘട്ടത്തിലാണെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. 

നേരത്തെ ഹർജിയിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. റിസോർട്ടിലെ 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചെന്നും പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പ്രധാന കെട്ടിടം വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുകയാണ് പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലാണ് പൊളിക്കൽ എന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
 
നടക്കുന്നത് രാപ്പകൽ നീളുന്ന പൊളിക്കൽ നടപടികൾ എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞതവണ ഹർജി പരിഗണിക്കേവെ പൊളിക്കൽ പൂർത്തിയാക്കാൻ കോടതി സംസ്ഥാന സർക്കാരിന് അന്ത്യശാസനം നൽകിയിരുന്നു. മാർച്ച് 28നകം പൊളിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീംകോടതി നേരത്തെ നിർദ്ദേശം നൽകിയത്. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയ തുരുത്ത് ദ്വീപിൽ നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചു നീക്കണമെന്ന് 2020 ജനുവരി പത്തിനാണ്  സുപ്രീംകോടതി ഉത്തരവിട്ടത്. തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിട്ടം പൊളിച്ചു കളയാനുള്ള ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
 
പൊളിക്കൽ വൈകുന്നതിൽ  ജനസമ്പർക്കസമിതിയാണ് കോടതയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചത്. തുടർന്ന് കഴിഞ്ഞവർഷം സെപ്തംബർ 14നാണ് പൊളിക്കൽ നടപടികൾ തുടങ്ങിയത്.കേസിൽ സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ സി.കെ ശശി, അഭിഭാഷകൻ അബ്ദുള്ള നസീഹ് എന്നിവർ ഹാജരായി. കേസിൽ ഹർജിക്കാരായ ആലപ്പുഴയിലെ ജനസമ്പർക്കസമിതിക്കായി അഭിഭാഷകൻ, പി സുരേഷനാണ്  ഹാജരായത്. 

കാപ്പിക്കോ റിസോർട്ടിന്‍റെ പ്രധാന കെട്ടിടവും പൊളിച്ചു തുടങ്ങി; നടപടി സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്ന്

കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരി​ഗണിക്കും; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

 

 

click me!