കൂറ്റന്‍യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കാപികോ റിസോര്‍ട്ടിന്‍റെ പ്രധാന കെട്ടിടം ഇടിച്ചു നിരത്തുന്നത്. ഇതിന് വഴിവെച്ചത് ഇന്നലെ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനമാണ്.

ആലപ്പുഴ: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കെട്ടിയുയര്‍ത്തിയ ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ടിന്‍റെ പ്രധാന കെട്ടിടവും പൊളിച്ചു തുടങ്ങി. ഈ മാസം 28 ന് മുമ്പ് തന്നെ മുഴുവന് കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കെട്ടിടം അപ്പാടെ ഇടിച്ചു നികത്താനാണ് തീരുമാനം. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ ഊരി മാറ്റിയ ശേഷമായിരുന്നു റിസോര്‍ട്ടിലെ വില്ലകള്‍ ഇത് വരെ പൊളിച്ചിരുന്നത്.

കൂറ്റന്‍യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കാപ്പിക്കോ റിസോര്‍ട്ടിന്‍റെ പ്രധാന കെട്ടിടം ഇടിച്ചു നിരത്തുന്നത്. ഇതിന് വഴിവെച്ചത് ഇന്നലെ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനമാണ്. ഈ മാസം 28 നകം റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ മുഴുവന്‍ പൊളിക്കണം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 15ന് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. പക്ഷെ ഇതിനകം പൊളിച്ച് നീക്കിയത് 54 വില്ലകള്‍ മാത്രമാണ്. നിശ്ചയിച്ച സമയപരിധിക്കകം മുഴുവന് കെട്ടിടവും പൊളിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയത്. ഇതോടെയാണ് കൂടുതല്‍ തൊഴിലാളികളെയും യന്ത്രങ്ങളും ഉപയോഗിച്ച് പ്രധാന കെട്ടിടം ഇടിച്ചുനിരപ്പാക്കാന്‍ തുടങ്ങിയത്. ഉപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ ഊരി മാറ്റിയ ശേഷമായിരുന്നു റിസോര്‍ട്ടിലെ വില്ലകള്‍ ഇത് വരെ പൊളിച്ചിരുന്നത്.

Also Read: ആലപ്പുഴ കാപ്പിക്കോ റിസോർട്ട് മാർച്ച് 28-നകം പൊളിക്കണം: അന്ത്യശാസനവുമായി സുപ്രീംകോടതി 

സബ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ അവലോകന യോഗവും ചേര്‍ന്നു. ദ്വീപിലുള്ള റിസോര്‍ട്ടായതിനാലാണ് കാലതാമസം വന്നതെന്ന ന്യായീകരണമാണ് ജില്ലാ ഭരണകൂടം മുന്നോട്ട് വെക്കുന്നത്.