മതഗ്രന്ഥവും ഈന്തപ്പഴവും എത്തിയ സംഭവം: കസ്റ്റംസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി

By Web TeamFirst Published Sep 20, 2020, 7:02 AM IST
Highlights

വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ, ഈന്തപ്പഴം എന്നിവ എത്തിയതിൽ കസ്റ്റംസ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങി

തിരുവനന്തപുരം: വിമാനത്താവളത്തിൽ നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ, ഈന്തപ്പഴം എന്നിവ എത്തിയതിൽ കസ്റ്റംസ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങി. കേസിൽ ആരെയും പ്രതിയാക്കിയില്ലെങ്കിലും കോൺസുലേറ്റ് ജീവനക്കാരിൽ നിന്നടക്കം സാക്ഷി മൊഴികൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ആവശ്യമെങ്കിൽ കേന്ദ്ര അനുമതി തേടും.

കസ്റ്റംസ് ആക്ട്,  ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേൻ ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പരിശോധന. 250 ഖുർആൻ കെട്ടുകൾ കോൺസുലേറ്റിൽ എത്തിയെങ്കിലും 32എണ്ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്.  ബാക്കി വരുന്ന ഖുർആൻ എവിടെ എന്നതിൽ കൃത്യമായ വിശദീകരണം നൽകേണ്ടത് കോൺസുലേറ്റ് ആണ്. ഇതിനായി ആദ്യം കോൺസുലേറ്റിലെ ജീവനക്കാരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തും.

കോണ്‍സല്‍ ജനറലിനായി നാല് വര്‍ഷത്തിനുള്ളില്‍ 17000 കിലോ ഈന്തപ്പഴം തീരുവ ഒഴിവാക്കി എത്തിച്ചതിലെ അസ്വാഭാവികതയാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വന്തം ആവശ്യത്തിന് വിദേശത്തു നിന്ന് നികുതി ഇളവു ചെയ്ത് കൊണ്ടുവന്നവ പുറത്ത് നല്‍കരുതെന്നാണ് ചട്ടം. അഥവാ പുറത്തു വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതി നല്‍കണം.

കസ്റ്റംസ് ആക്ടിന്‍റെയും വിദേശ നാണ്യ വിനിമയ ചട്ടത്തിന്‍റെയും ലംഘനം ഇക്കാര്യത്തില്‍ നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അനുമാനം.നിലവില്‍ കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കോണ്‍സല്‍ ജീവനക്കാരുടേയും സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്‍റെയും വിശദീകരണം ലഭിച്ച ശേഷമേ തുടര്‍ നടപടി ഉണ്ടാകു. 

കോണ്‍സുലേറ്റിലേക്ക് വരുന്ന നയതന്ത്ര ബാഗേജുകള്‍ക്ക് നികുതിയിളവ് നല്‍കാന്‍ കത്ത് നല്‍കേണ്ട ചുമതല പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കാണ്. എന്നാല്‍ സമീപ നാളുകളില്‍ കോണ്‍സുലേറ്റില്‍ നിന്നും നികുതി ഒഴിവാക്കി നല്‍കാന്‍ ആവശ്യം വന്നിരുന്നില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം നേരത്തെ കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍സുലേറ്റിന്‍റെ വിശദീകരണം പ്രധാനമാണെന്നാണ് കസ്റ്റംസിന്‍റെ നിലപാട്.

click me!