
ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി ആളുകളെ കബളിപ്പിച്ച് 2.18 കോടി രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. മലപ്പുറം മേലാറ്റൂർ സ്വദേശികളായ മുഹമ്മദ് ഫാഹീം (23), മിൻഹാജ് (24) എന്നിവരെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
വടകര സ്വദേശിയായ ഡോക്ടർക്കാണ് പണം നഷ്ടപ്പെട്ടത്. മിൻഹാജിന് വേണ്ടി ഫാഹി തന്റെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്ത് നൽകുകയായിരുന്നു. പരാതിക്കാരനായ ഡോക്ടർക്ക് നഷ്ടമായതിൽ ന്നുള്ള 5 ലക്ഷം രൂപ ഉൾപ്പെടെ 7.80 ലക്ഷം രൂപ മുഹമ്മദ് ഫാഹിമിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയെന്നാണ് കണ്ടെത്തിയത്. ഇതിൽ പതിനായിരം രൂപ കമ്മീഷനായി എടുത്ത ശേഷം ബാക്കി തുക മിൻഹാജിന് കൈമാറുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് പണം സ്വീകരിക്കാനായി കേരളത്തിലെ ബാങ്ക് അക്കൗണ്ടുകൾ നൽകുകയും ഈ അക്കൗണ്ടുകളിലെത്തുന്ന പണം പിൻവലിച്ച് മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുക്കുകയുമാണ് ഇവർ ചെയ്തത്. പരാതിക്കാരനായ ഡോക്ടറിൽ നിന്ന് തട്ടിയെടുത്ത പണവും പല അക്കൗണ്ടുകളിലായാണ് പോയത്. സംസ്ഥാനത്തിന് പുറത്തുള്ള തട്ടിപ്പുകാർ ഇത്തരം തട്ടിപ്പുകൾ നടത്തുമ്പോൾ അതിന് സഹായകമായി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെന്ന പോലെ നൽകുന്നവർക്കെതിരെ പൊലീസ് അന്വേഷണം തുടരുകയാണ്.
സൈബർ പോലീസ് ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.ഐ. ടി.ബി. ഷൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി. രൂപേഷ്, കെ.എം. വിജു, കെ. ലിനീഷ് കുമാർ, എം.പി. ഷഫീർ, യു. ഷിബിൻ എന്നിവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam