
ഇടുക്കി: കൊട്ടക്കമ്പൂരിൽ ജോയ്സ് ജോർജ്ജിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കിയ രണ്ടാമത്തെ സബ് കളക്ടറെയും സർക്കാർ സ്ഥലംമാറ്റി. ദേവികുളം സബ് കളക്ടർ ആയിരുന്ന വി ആർ പ്രേംകുമാറിന് പുറകെയാണ് ഡോ. രേണുരാജിനെയും മാറ്റുന്നത്.
ജോയ്സ് ജോർജ്ജിന്‍റെയും കുടുംബാഗങ്ങളുടെയും പേരിൽ കൊട്ടക്കമ്പൂരിലുള്ള 20 ഏക്കർ സ്ഥലത്തിന്‍റെ അഞ്ച് പട്ടയങ്ങൾ ആദ്യം റദ്ദാക്കിയത് ദേവികുളം സബ് കളക്ടർ ആയിരുന്ന പ്രേംകുമാറായിരുന്നു. മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി തുടരുന്നതിനിടെ പ്രേംകുമാറിനെ സർക്കാർ മാറ്റി. കഴിഞ്ഞ നവംബർ 19 നാണ് പ്രേംകുമാറിന്‍റെ പിൻഗാമിയായി രേണു രാജ് ചുമതലയേറ്റത്. ഹൈക്കോടതി നിർദ്ദേശ ഉത്തരവ് അനുസരിച്ചുള്ള എൻഒസി ഇല്ലാതെ മുതിരപ്പഴയുടെ തീരത്ത് പഞ്ചായത്ത് നിർമ്മിച്ച വനിത വ്യവസായ കേന്ദ്രത്തിന്‍റെ പണികൾ സബ് കളക്ടർ തടഞ്ഞു. ഇതോടെ ദേവികുളം എംഎൽഎ സബ് കളക്ടർക്കെതിരെ രംഗത്തെത്തി. എംഎൽഎ നടത്തിയ പരാമർശങ്ങൾ വിവാദമാകുകയും ചെയ്തു. പിന്നീട് മൂന്നാർ മേഖലയിലെ പല കയ്യേറ്റങ്ങൾക്കുമെതിരെ നടപടി സ്വീകരിച്ചു.
കഴിഞ്ഞ ദിവസമാണ് ജോയ്സ് ജോർജ്ജിൻറെയും കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയത്. ഇത് സിപിഎം നേതൃത്വത്തെ അതൃപ്തിയിലാക്കിയിരുന്നു. പട്ടയം റദ്ദാക്കിയ നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത ദിവസം തന്നെയാണ് സബ് കളക്ടറെ മാറ്റാൻ സർക്കാർ തെരഞ്ഞെടുത്തത്. മൂന്നാർ ടൗണിലെ മുതിരപ്പുഴയാർ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതും സ്ഥലംമാറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. സബ് കളക്ടറെ മാറ്റിയതോടെ മൂന്നാറിലെ കയ്യേറ്റങ്ങൾക്ക് എതിരെയുള്ള നടപടി നിലനിൽക്കുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam