
തിരുവനന്തപുരം: ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിയതില്‍ ഒരു കോടി 81 ലക്ഷം രൂപയുടെ അഴമിതി നടന്നുവെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി വി എസ് ജയകുമാറിനെതിരായ എട്ട് അഴിമതി ആരോപണങ്ങളില്‍ ഏഴും ശരിയെന്ന് തെളിഞ്ഞതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. വി എസ് ജയകുമാര്‍ 2014-15 കാലത്ത് ശബരിമല ദേവസ്വം എക്സി. ഓഫീസര്‍ ആയിരുന്നപ്പോഴും തുടര്‍ന്ന് ദേവസ്വം സെക്രട്ടറി ആയിരുന്നപ്പോഴും നടത്തിയ ക്രമക്കേടുകളാണ് അഡ്വ. ചെറുന്നിയൂര്‍ പി ശശിധരന്‍ നായര്‍ കമ്മീഷന്‍ അന്വേഷിച്ചത്.
ശബരിമലയില്‍ പാത്രങ്ങള്‍ ഉപയോഗിക്കാതെ കുന്നുകൂടി കിടക്കുമ്പോള്‍ പുതിയ പാത്രങ്ങള്‍ വീണ്ടും വാങ്ങിയതായി കാണിച്ച് വ്യാജ ബില്ലുകള്‍ ഹാജരാക്കിയാണ് അഴിമതി നടത്തിയത്. 1,81,89490 രൂപയുടെ അഴമിതി നടത്തിയതായി കണ്ടെത്തി. ഓഡിറ്റ് സമയത്ത് ബന്ധപ്പെട്ട രേഖകള്‍ മറച്ചുവച്ചതായും ഫയലുകള്‍ നശിപ്പിച്ചതായും കണ്ടെത്തി. നടപടിക്രമങ്ങള്‍ പാലിക്കാതെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും അവിഹിതമായി ദേവസ്വം കമ്മീഷണര്‍ പദവി നേടിയെടുത്തെന്നും , ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
പമ്പയിലെ മെസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഫയല്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് നാലുവരെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കമ്മീഷന്‍, ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് സര്‍പ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന് പുറമേ, ബോര്‍ഡ് ഉദ്യോഗസ്ഥരുടെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനുള്ള ശുപാര്‍ശകളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ ജയകുമാര്‍ 2018 ജൂലൈയില്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. നിലിവിലെ ഓഡിറ്റ് സംവിധാനവും വിജിലന്‍സ് വിഭാഗവും ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അതേ സമയം ആരോപണവും കമ്മീഷന്‍ റിപ്പോര്‍ട്ടും അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വി എസ് ജയകുമാര്‍ പ്രതികരിച്ചു. ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം വന്ന ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam