പ്രളയ ഫണ്ട് തട്ടിപ്പ്; കുറ്റപത്രം സമർപ്പിക്കുന്നതിൽ കാല താമസമുണ്ടായതിൽ വിശദീകരണവുമായി പൊലീസ്

By Web TeamFirst Published Jun 5, 2020, 2:11 PM IST
Highlights

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകാത്തതിനെ തുടർന്ന് മൂന്നു പ്രതികൾക്ക് മൂവാറ്റുപഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

കൊച്ചി: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിൽ കാല താമസമുണ്ടായ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ശാസ്ത്രീയ തെളിവുൾ ശേഖരിക്കേണ്ടതിനാലാണ് കുറ്റപത്രം താമസിക്കുന്നതെന്ന് ഐ ജി വിജയ് സാഖറെ പറഞ്ഞു. കുറ്റപത്രം വൈകിയതിനെ തുടർന്ന് സിപിഎം നേതാവ് അടക്കമുള്ളവർക്ക് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് വിശദീകരണം.

Related News:  പ്രളയ ഫണ്ട് തട്ടിപ്പിൽ 90 ദിവസമായിട്ടും കുറ്റപത്രമായില്ല; സിപിഎം നേതാവ് അടക്കം മൂന്ന് പ്രതികൾക്ക് ജാമ്യം

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ 90 ദിവസമായിട്ടും ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകാത്തതിനെ തുടർന്ന് മൂന്നു പ്രതികൾക്ക് മൂവാറ്റുപഴ വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം കളക്ട്രേറ്റിലെ പരിഹാര സെല്ലിലെ ക്ലാർക്കും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദ്, രണ്ടാം പ്രതിയും മുഖ്യ ഇടനിലക്കാരനുമായ മഹേഷ്, ആറാം പ്രതിയും സിപിഎം തൃക്കാക്കര ഈസ്റ്റ്  ലോക്കൽ കമ്മിറ്റി അംഗവുമായ നിതിൻ എന്നിവർക്കാണ് ജാമ്യം കിട്ടിയത്.

Related News: പ്രളയതട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം: പ്രതിഷേധം ശക്തമാക്കി കോൺ​ഗ്രസ് ...

കുറ്റപത്രം സമർപ്പിക്കുന്നതിൽ ക്രൈംബ്രാഞ്ചിന് വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമായതോടെയാണ് പൊലീസിൻ്റെ വിശദീകരണം. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം അക്കൗണ്ടുകൾ ശാസ്ത്രീയമായ പരിശോധിക്കേണ്ടതുണ്ട്. 23 അക്കൗണ്ടുകൾ വഴിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ധൃതിപിടിച്ച് കുറ്റപത്രം സമർപ്പിച്ചാൽ പ്രതികൾ രക്ഷപെടുമെന്നാണ് പൊലീസിൻ്റെ വാദം.

കേസിൻ്റെ അന്വേഷണം ഏതാണ്ട് പൂർത്തിയായിട്ടുണ്ടെന്നും താമസിയാതെ കുറ്റപത്രം സമർപ്പിക്കുമെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. 2018ലെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് 73 ലക്ഷം രൂപ  കാണാനില്ലെന്ന  എഡിഎമ്മിന്‍റെ പരാതിയിൽ ക്രൈം ബ്രാഞ്ച്  രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിലും അന്വേഷണം പുരോമിക്കുകയാണ്. കേസിൽ കൂടുതൽ പ്രതികൾ അടുത്ത ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നും ഐ ജി പറഞ്ഞു. സംഭവത്തിൽ റവന്യൂ വകുപ്പും അന്വേഷണം ആരംഭിച്ചു. ജോയിൻ്റ് ലാൻ്റ് റവന്യൂ കമ്മീഷണർക്കാണ് അന്വേഷണ ചുമതല. പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

click me!