കുടുംബ വഴക്കിൽ കുടുങ്ങി ഗണേഷ് ? മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് സ്വത്ത് തർക്കത്തെ തുടർന്നെന്ന് സൂചന

By Web TeamFirst Published May 18, 2021, 11:23 AM IST
Highlights

ഒസ്യത്തിനെ ചൊല്ലിയുള്ള പരാതികളുമായി ഗണേഷിൻ്റെ മൂത്ത സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചിരുന്നു. തർക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത് ഈ പരാതിയെ തുടർന്നാണെന്നാണ് വിവരം.

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് കുടുംബത്തിലെ സ്വത്ത് തർക്കത്തെ തുടർന്നെന്ന് സൂചന. ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തിനെ ചൊല്ലിയുള്ള പരാതികളുമായി ഗണേഷിൻ്റെ മൂത്ത സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും സമീപിച്ചിരുന്നു. പിള്ളയുടെ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി പങ്കുവച്ചതെന്നാണ് സൂചന.

രണ്ട് പെൺ മക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ആരോഗ്യ സ്ഥിതി വഷളായപ്പോൾ പരിചരിച്ചിരുന്നത് കെ ബി ഗണേഷ് കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു വിൽ പത്രം തയ്യാറാക്കിയെന്നും അതിൽ കൂടുതൽ സ്വത്ത് ഗണേഷിന് കിട്ടും വിധമാണെന്നുമാണ് പരാതി. 

തർക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത് ഈ പരാതിയെ തുടർന്നാണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളെ പറ്റി സംസാരിക്കാനില്ലെന്ന് ഉഷ മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേ സമയം മുന്നണി തീരുമാനത്തിൽ അതൃപ്തിയില്ലെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു. മന്ത്രിസഭ രൂപീകരണ ചർച്ചകളിൽ അതൃപ്തിയില്ലെന്നും എൽഡിഎഫിൻ്റേത് യുക്തമായ തീരുമാനമാണെന്നുമായിരുന്നു പ്രതികരണം. പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കാനില്ലെന്നും ഗണേഷ് പറയുന്നു.

click me!