
ഇടുക്കി: രാജമലയ്ക്ക് അടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്ന കാര്യത്തിൽ നാളെ ചർച്ച നടക്കും. മൂന്നാറിൽ നാളെ നടക്കുന്ന യോഗമാണ് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്ന കാര്യം ചർച്ച ചെയ്യുന്നത്.
ഇന്നലെയും ഇന്നും നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കാണാതായവർക്കായി ഇതിനോടകം പരമാവധി മേഖലയിൽ തെരച്ചിൽ നടത്തിയെന്നാണ് അധികൃതർ പറയുന്നത്. ഇനിയും തെരച്ചിൽ നടത്തണോയെന്ന കാര്യത്തിൽ കാണാതായവരുടെ ബന്ധുക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക. ഏതെങ്കിലും സ്ഥലത്ത് തെരച്ചിൽ നടത്താൻ ബന്ധുക്കൾ ആവശ്യപ്പെട്ടാൽ അതിനും അധികൃതർ തയ്യാറാവും.
ഇടുക്കി പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ ഇനി അഞ്ച് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. മണ്ണിനടയിൽപ്പെട്ട ലയങ്ങൾ നിന്ന സ്ഥലം കൂടാതെ മലവെള്ളം ഒഴുകി പോയ പാതയിലും സമീപത്തെ പുഴയോരത്തുമെല്ലാം ദൗത്യസേന ദിവസങ്ങളായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതുവരെ 65 മൃതദേഹങ്ങളാണ് പെട്ടിമുടിയിൽ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam