
തിരുവനന്തപുരം: ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും (Kootickal) ഇടുക്കി കൊക്കയാറിലും (Kokkayar) രാവിലെ തന്നെ രക്ഷാപ്രവർത്തനം (Rescue operations)തുടരും. രണ്ടിടങ്ങളിലായി 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം സ്ഥിരികരിച്ചിരുന്നു.
കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചിൽ നടത്താനുള്ളത്. ഇവിടെ ഇനി 7 പേരെയാണ് കണ്ടെത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്. കൂട്ടിക്കൽ മേഖലയിൽ വൻ നാശനഷ്ടമാണുണ്ടായിട്ടുള്ളത്. കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്. രാവിലെ തന്നെ തെരച്ചിൽ തുടങ്ങുമെന്ന് ഇടുക്കി കളക്ടർ അറിയിച്ചു. ഫയർ ഫോഴ്സ്, എൻഡിആർഎഫ്, റവന്യു, പൊലീസ് സംഘങ്ങൾ ഉണ്ടാകും. കൊക്കയാറിൽ തെരച്ചിലിന് ഡോഗ് സ്‌ക്വാഡും തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും എത്തും. കൊക്കയാറിൽ ഏഴു വീടുകൾ പൂർണമായി തകർന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങൾ എല്ലാം ഒലിച്ചു പോയി.
കൂട്ടിക്കലിലും കൊക്കയാറിലും ഇപ്പോഴും മഴ തുടരുകയാണ്. ഇനിയും ഉരുൾപൊട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam