Latest Videos

തെരച്ചില്‍ ഊര്‍ജിതപ്പെടുത്തി സൈന്യം; കവളപ്പാറയില്‍ പുതിയ വഴി വെട്ടുന്നു

By Web TeamFirst Published Aug 12, 2019, 7:03 AM IST
Highlights

 ഇന്ത്യന്‍ സൈന്യം തെരച്ചിലിന്‍റെ നേതൃത്വം ഏറ്റെടുക്കാനെത്തുകയും കാലാവസ്ഥ അനുകൂലമാക്കുകയും ചെയ്തതോടെ തെരച്ചില്‍ കുറേക്കൂടി വേഗത്തിലായിട്ടുണ്ട്. കുറേക്കൂടി ശാസ്ത്രീയമായി തെരച്ചില്‍ നടത്തി ഇനി അവശേഷിക്കുന്ന ആളുകളെ കണ്ടെത്താനാണ് ശ്രമം. 

മലപ്പുറം: പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായ കവളപ്പാറയില്‍ ഇന്നു വിപുലമായ രീതിയില്‍ തെരച്ചില്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച കവളപ്പാറയിലെ തെരച്ചില്‍ നാലാം ദിവസത്തേക്ക് നീളുകയാണ്. ഇനി അന്‍പത് പേരെയാണ് കവളപ്പാറയില്‍ കണ്ടെത്താനുള്ളത്. 

 ഇന്ത്യന്‍ സൈന്യം തെരച്ചിലിന്‍റെ നേതൃത്വം ഏറ്റെടുക്കാനെത്തുകയും കാലാവസ്ഥ അനുകൂലമാക്കുകയും ചെയ്തതോടെ തെരച്ചില്‍ കുറേക്കൂടി വേഗത്തിലായിട്ടുണ്ട്. കുറേക്കൂടി ശാസ്ത്രീയമായി തെരച്ചില്‍ നടത്തി ഇനി അവശേഷിക്കുന്ന ആളുകളെ കണ്ടെത്താനാണ് ശ്രമം. കവളപ്പാറയിലെ മുത്തപ്പന്‍മല ഇടിഞ്ഞാണ് ഇത്ര വലിയം ദുരന്തം സംഭവിച്ചത്. ആ മലയുടെ കീഴിലുള്ള ബഹുഭൂരിപക്ഷം വീടുകളും ഇപ്പോള്‍ മണ്ണിനടിയിലാണ്.

ആ ഭാഗത്തേക്ക് ഇപ്പോള്‍ റോഡ് വെട്ടി തുടങ്ങിയിട്ടുണ്ട്. ഈ വഴിയിലൂടെ ഹിറ്റാച്ചിയടക്കമുള്ള വലിയ വാഹനങ്ങള്‍ ദുരന്തഭൂമിയുടെ മധ്യത്തിലേക്ക് എത്തിച്ച് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനാണ് നീക്കം. ഇന്നലൈ കാലാവസ്ഥ അനുകൂലമായി നിന്നത് തെരച്ചിലിന് ഗുണകരമായി. ഇന്നലെ  വൈകുന്നേരം മാത്രമാണ് മഴ പെയ്തത്. ഇന്ന് രാവിലെ നേരിയ ചാറ്റല്‍ മഴ മാത്രമേയുള്ള. 

ആകെ 63 പേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് സര്‍ക്കാരിന്‍റെ കണക്ക്. എന്നാല്‍ 65 പേരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നാല് മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തതോടെ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 13 ആയി. ദുരന്തമുണ്ടായ സ്ഥലത്തെ ആളുകളെയെല്ലാം സമീപത്തെ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ ഉറ്റവരെ അവരുടെ ബന്ധുവീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.  

\ദുരന്തഭൂമിയുടെ സമീപപ്രദേശങ്ങളിലെല്ലാം ചളിയും മലവെള്ളവും ഒലിച്ചെത്തി വലിയ നാശമാണുണ്ടായത്. ഇവിടെ വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ തെരച്ചില്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി കാണാതായവരെയെല്ലാം കണ്ടെത്താനാണ് എല്ലാ ശ്രമങ്ങളും. 
 

click me!